എൻജിനില്ലാ ‘പറക്കും’ ട്രെയിൻ; വാരണാസിയിൽ നിന്ന് മോദി ഉദ്ഘാടനം ചെയ്തേക്കും

Train 18, Image Source: Twitter

രാജ്യത്തിന് പുതുവൽസരസമ്മാനമായി അതിവേഗ ട്രെയിൻ  .  ഡിസംബർ 29നു പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മ‍‍ണ്ഡലമായ വാരണാസിയിൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും എന്നാണ് കരുതുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ‘ട്രെയിൻ 18’ ഡൽഹി– വാരാണസി റൂട്ടിലാണ് ആദ്യം സർവീസ് നടത്തുക. രാജ്യത്തെ ആദ്യ എൻജിനില്ലാ ട്രെയിനായ ട്രെയിൻ  18 ശദാബ്ദി എക്സ്പ്രസിനു പകരമായിട്ടാകും ഓടുക.  

നിലവിൽ നൽകുന്ന സൂചന അനുസരിച്ചു രാവിലെ ആറിനു ന്യൂഡൽഹി സ്റ്റേഷനിൽ നിന്നു യാത്ര പുറപ്പെടുന്ന ട്രെയിൻ 18, ഉച്ചയ്ക്കു രണ്ടിന് വാരാണസിസയിലെത്തും. 2.30 നാണു മടക്കയാത്ര. രാത്രി 10.30 നു ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമെന്ന പരിഗണനയാണ് ട്രെയിൻ 18 ഈ  റൂട്ടിലെത്തുന്നതിൽ നിർണായകമായത്.  820 കിലോമീറ്ററുള്ള യാത്രയ്ക്കു  കുറഞ്ഞതു 11.30 മണിക്കൂറെടുക്കുമെന്നതാണ് ഇപ്പോഴത്തെ കണക്കുക്കൂട്ടൽ.

പരമാവധി വേഗം 200 കിലോമീറ്ററാണെങ്കിലും 160 കിലോമീറ്ററിലാകും ട്രെയിൻ സഞ്ചരിക്കുകയെന്നാണു വിവരം. നേരത്തെ രാജസ്ഥാനിലെ കോട്ട – സവായ് മാധ‌വ്പുർ റൂട്ടിലെ പരീക്ഷണ ഓട്ടത്തില്‍ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ടിരുന്നു. 100 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ട്രെയിൻ 18 ന്റെ സൗകര്യങ്ങളും ഇതിനൊത്തതാണ്. അതിനാൽ തന്നെ നിരക്കിലും വർധനയുണ്ടാകും.16 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് എക്സിക്യൂട്ടീവ് കംപാർട്ടമെന്റുണ്ട്. ഇവിടെ 52 സീറ്റുകൾ വീതമാകുമുണ്ടാകുക. മറ്റു കംപാർട്ട്മെന്റുകളിൽ 72 സീറ്റ് വീതവും.

കറങ്ങും സീറ്റുകൾ, മോഡ്യുലർ ബയോ ടോയ്‌ലറ്റ്, വിശാല ജനൽ ഗ്ലാസുകൾ, ‌സ്‌ലൈഡിങ് ഡോർ സംവിധാനങ്ങൾ എന്നിവയോടു കൂടിയ ട്രെയിൻ 18  പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. വേഗ‌വും പു‌തുമയും ചേർന്ന യാത്രാനുഭവമാണു വാഗ്ദാനം. ഡൽഹിയിൽ നിന്ന് ആഗ്ര വരെ 210 കിലോമീറ്റർ പിന്നിടാൻ ഗതിമാൻ എക്സ്പ്രസി‌നു വേണ്ടത് ഒന്നര മണിക്കൂറാണ്. പരമാവധി വേഗം 160 കിലോമീറ്റർ. പഴയ പ്രതാപി ശതാബ്ദി എക്സ്പ്രസി‌‌ന്റെ കൂടിയ വേഗം 130 കിലോമീറ്റർ.