ടിപ്പർ സഡൻ ബ്രേക്കിട്ടു, രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവൻ–വിഡിയോ

Screengrab

റോഡിലൂടെ പോകുന്നവരുടെ ജീവന് വിലകൽപ്പിക്കാതെ തലങ്ങും വിലങ്ങും പായുന്നവർ എന്നാണ് ടിപ്പറുകാരെപ്പറ്റിയുള്ള പ്രധാന പരാതി. എന്നാൽ ഈ വിഡിയോ കണ്ടാൽ ഇനി ആരും അങ്ങനെ പറയില്ല. കുഞ്ഞു ജീവൻ രക്ഷിച്ചത് ടിപ്പർ ഡ്രൈവറുടെ മനസാന്നിധ്യമായിരുന്നു. പെട്ടെന്നുള്ള ബ്രേക്കിങ്ങിന്റെ ഫലമായി പിറകിൽ കെഎസ്ആർടിസി വന്നിടിച്ചെങ്കിലും കുഞ്ഞിന് അപകടം വരുത്താതെ വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്ക് കഴിഞ്ഞു.

സ്ഥലം വ്യക്തമല്ലെങ്കിലും ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയുടെ പിടി വിട്ട് കുട്ടി റോഡിന് കുറുകെ ഓടുകയായിരുന്നു. അപകടത്തിൽ പെടാതെ അപ്പുറത്തെത്തിയ കുട്ടി തിരിച്ച് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ടിപ്പറിന്റെ മുന്നിൽ എത്തിയത്. കുട്ടിയെ കണ്ട ഡ്രൈവർ പെട്ടെന്നുതന്നെ വാഹനം ബ്രേക്കിട്ടു നിർത്തിയത് വിഡിയോയിൽ കാണാം. തൊട്ടുപുറകെ വന്ന കെഎസ്ആർടിസി ബസ് ടിപ്പറിന്റെ പുറകിൽ ഇടിച്ചെങ്കിലും കുട്ടിയെ ഇടിക്കാതെ വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്കായി.

ടിപ്പർ ഡ്രൈവറിന്റെ മനസാന്നിധ്യത്തെ ആളുകൾ പ്രകീർത്തിക്കുന്നുണ്ടെങ്കിലും കുഞ്ഞിന്റെ അമ്മയുടെ ‌അശ്രദ്ധയാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയതെന്നാണ് അവർ പറയുന്നത്.