സൂംകാർ വഴി ഇനി ടിഗൊർ ഇ വി വാടകയ്ക്ക്

Zoom Cars

കാറുകൾ വാടകയ്ക്കു നൽകുന്ന സൂംകാറുമായി സഹകരിച്ചുവൈദ്യുത വാഹനങ്ങൾ ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് രംഗത്ത്. കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ വൈദ്യുത പതിപ്പായ ‘ടിഗൊർ ഇ വി’ യാണ് ആദ്യ ഘട്ടത്തിൽ ടാറ്റ മോട്ടോഴ്സ് പുണെയിൽ സൂംകാർ ശൃംഖലയിൽ അവതരിപ്പിച്ചത്. അടുത്ത ഒരു വർഷത്തിനകം രാജ്യത്തെ 20 നഗരങ്ങളിലായി 500 വൈദ്യുത കാർ ലഭ്യമാക്കാനാണു ടാറ്റ മോട്ടോഴ്സും സൂംകാറുമായുള്ള ധാരണ.

പുണെയിൽ വൈദ്യുത കാറുകൾ ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കിയതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു സൂംകാർ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്രെഗ് മൊറൻ അഭിപ്രായപ്പെട്ടു. വൈദ്യുത ഗതാഗത മേഖലയിലെ ചലനാത്മക സഖ്യമായി ഈ ബന്ധം പുരോഗമിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അടുത്ത വർഷത്തോടെ 20 ഇന്ത്യൻ നഗരങ്ങളിലായി ഇത്തരത്തിലുള്ള 500 കാറുകൾ ലഭ്യമാക്കാനാണു പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

അഞ്ചു വർഷം മുമ്പ് 2013ൽ സ്ഥാപിതമായ സൂംകാറിലൂടെ മണിക്കൂർ, പ്രതിദിന, പ്രതിവാര, പ്രതിമാസ വ്യവസ്ഥകളിൽ കാറുകൾ വാടകയ്ക്കെടുക്കാൻ അവസരമുണ്ട്. ഇന്ത്യയിലെ മുപ്പത്തി അഞ്ചോളം നഗരങ്ങളിലാണു നിലവിൽ സൂംകാറിനു സാന്നിധ്യമുള്ളത്.