ത്രിമാന പ്രിന്റിങ്ങിൽ പിറന്ന റേസ് കാറായി ‘ബ്ലേഡ്’

കാർ നിർമാണ ശൈലിയെ മാറ്റിമറിക്കാൻ പോന്ന പുത്തൻ സാങ്കേതികവിദ്യയുമായി കലിഫോണിയ ആസ്ഥാനമായ സ്റ്റാർട്ട് അപ് കമ്പനി. പരമ്പരാഗത ശൈലിയിലുള്ള അസംബ്ലി ലൈനിനു പകരം അത്യാധുനിക ത്രിമാന പ്രിന്ററിൽ പിറന്ന റേസ് കാറാണു ഡൈവേർജന്റ് മൈക്രോ ഫാക്ടറീസിന്റെ വിസ്മയിപ്പിക്കുന്ന ആവിഷ്കാരം.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധത മൂലമാണ് ‘ബ്ലേഡ്’ എന്നു പേരിട്ട കാറിന്റെ നിർമാണത്തിന് ത്രിമാന പ്രിന്റിങ് സാധ്യത തേടിയതെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെവിൻ സിഞ്ചർ പറയുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തിയും മലിനീകരണം നിയന്ത്രിച്ചുമൊന്നും കാർ നിർമാണമേഖല പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാനാവില്ലെന്നും അദ്ദേഹം കരുതുന്നു. എന്നാൽ ലോഹത്തെ ത്രിമാനരീതിയിൽ പ്രിന്റ് ചെയ്യുന്നതോടെ കാര്യങ്ങൾ മാറിമറിയുകയാണ്. കാർ മൊത്തത്തിൽ പ്രിന്റ് ചെയ്യാൻ ശ്രമിക്കാതെ ത്രിമാന രീതിയിൽ വേറിട്ട മൊഡ്യുലാർ ഭാഗങ്ങൾ തയാറാക്കി കൂട്ടിയോജിപ്പിക്കുന്നതാണ് സിഞ്ചർ ശൈലി.

കാറിന്റെ സ്ട്രക്ചറൽ ഘടകങ്ങൾ തയാറാക്കുന്ന രീതിയെ തന്നെ ത്രിമാന പ്രിന്റിങ് പൊളിച്ചെഴുതുമെന്ന് സിഞ്ചർ വാദിക്കുന്നു. നിലവിൽ വമ്പൻ ശാലകളിൽ വൻതോതിൽ ഊർജം ചെലവഴിച്ച് നീണ്ട അസംബ്ലി ലൈനുകളിലാണു കാറുകൾ നിർമിക്കുന്നത്. ഇന്ധനക്ഷമതയിൽ മുൻനിരയിലുള്ള കാറും നിർമാണവേളയിൽ വൻതോതിൽ ഹരിതവാതകങ്ങൾ പുറന്തള്ളി കാർബൺ ഫുട്പ്രിന്റ് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വമ്പൻ നിർമാണശാലയെ പൂർണമായും ഒഴിവാക്കുന്നതാണു സിഞ്ചറുടെ കാർ നിർമാണം. ത്രിമാന പ്രിന്റിങ്ങിലൂടെ തയാറാക്കിയ മൊഡ്യൂലാർ ഭാഗങ്ങൾ കാർബൺ റോഡുമായി ബന്ധിപ്പിച്ചതാണു ‘ബ്ലേഡി’ന്റെ ഷാസി.

ഭാരം വെറും 102 പൗണ്ട് മാത്രമെങ്കിലും സ്റ്റീൽ നിർമിത ഫ്രെയിമിന്റെ ഉറപ്പും സുരക്ഷിതത്വവുമാണ് ‘ബ്ലേഡ്’ ഷാസിക്കു പദ്ധതിയുടെ ലീഡ് ഡിസൈനറായ ബ്രാഡ് ബാൽസർ ഉറപ്പു നൽകുന്നത്. സ്റ്റീലിനും അലൂമിനിയത്തിനും പകരം കാർബൺ ഫൈബർ ഉപയോഗിച്ചതോടെ വാഹനത്തിന്റെ മൊത്തം ഭാരം 1400 പൗണ്ടി(635 കിലോഗ്രാം)ൽ ഒതുക്കാനും കഴിഞ്ഞു.

ലോകശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടു തന്നെയാണ് ആദ്യ കാറിനു കാഴ്ചപ്പകിട്ട് ഉറപ്പാക്കാൻ ശ്രമിച്ചതെന്ന് ബാൽസർ വ്യക്തമാക്കുന്നു. അതിനാലാണു പരിസ്ഥിതി സൗഹാർദ സന്ദേശവുമായി വേഗമേറിയ സൂപ്പർകാർ തന്നെ രൂപകൽപ്പന ചെയ്തത്.

കാർ നിർമാണഘടകങ്ങൾ പ്രിന്റ് ചെയ്യാനുള്ള കോർ എനേബ്ലിങ് സാങ്കേതികവിദ്യ സ്വായത്തമാക്കുക എളുപ്പമാണെന്ന് കെവിൻ സിഞ്ചർ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ ശൈലി വിപ്ലവകരമായ മാറ്റത്തിനു വഴി തെളിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. വൈദ്യുത കാറുകൾ ശരിയായ ദിശയിലുള്ള ചുവടുവയ്പാണെങ്കിലും മലിനീകരണം കുറയ്ക്കാൻ നിർമാണശൈലിയിൽ തന്നെ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.