നിർമാണ തകരാർ: ചൈന പരിശോധിച്ചത് 55 ലക്ഷം കാർ

സാങ്കേതിക തകരാറുകളുടെ പേരിൽ ഇക്കൊല്ലം ചൈനയിൽ വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ച വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോഡ്. ഡിസംബർ 18 വരെയുള്ള കണക്ക് പ്രകാരം 76 നിർമാതാക്കൾ ചേർന്ന് ആകെ 55.50 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചെന്ന് ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി, സൂപ്പർവിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ(എ ക്യു എസ് ഐ ക്യു) ഡയറക്ടർ(ലോ എൻഫോഴ്സ്മെന്റ്) യാൻ ഫെങ്മിൻ അറിയിച്ചു. നിർമാണ തകരാർ സംശയിക്കുന്ന വാഹനങ്ങൾ നിർമാതാക്കൾ സ്വമേധയാ തിരിച്ചുവിളിച്ചു പരിശോധിക്കണമെന്ന വ്യവസ്ഥ 2004ലാണു ചൈനയിൽ പ്രാബല്യത്തിലെത്തിയത്.

തുടർന്നുള്ള വർഷങ്ങളിലായി വിവിധ കാരണങ്ങളാൽ തിരിച്ചുവിളിച്ചു പരിശോധിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 2.50 കോടിയോളം വരുമെന്നു ഫെങ്മിൻ വെളിപ്പെടുത്തി.ഭൂരിഭാഗം വാഹനങ്ങളും തിരിച്ചുവിളിച്ചത് എൻജിനുമായി ബന്ധപ്പെട്ട തകരാറുകളുടെ പേരിലാണ്. എയർ ബാഗ് — സീറ്റ് ബെൽറ്റ് തകരാറുകളുടെ പേരിൽ തിരിച്ചുവിളിച്ച വാഹനങ്ങളാണ് എണ്ണത്തിൽ രണ്ടാമത്. ഇലക്ട്രിക്കൽ തകരാറുകളാണു വാഹന പരിശോധനയിൽ മൂന്നാം സ്ഥാനത്ത്.