ഡബ്ല്യു ആർ സിയിൽ നിന്നു ഫോക്സ്‌വാഗൻ പിൻമാറുന്നു

ഈ സീസൺ അവസാനിക്കുന്നതോടെ വേൾഡ് റാലി ചാംപ്യൻഷിപ്പി(ഡബ്ല്യു ആർ സി)ൽ നിന്നു പിൻമാറാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണു സൂചന. ഫോക്സ്‌വാഗൻ മോട്ടോർ സ്പോർട് ഡിവിഷനിലെ ഇരുനൂറോളം ജീവനക്കാരെ നിലനിർത്താനും വുൾഫ്സ്ബർഗിൽ ചേർന്ന ഫോക്സ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌്വാഗന്റെ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. ‘ഗോൾഫ് ടി സി ആർ കസ്റ്റമർ കാർ’ പോലെ മോട്ടോർ സ്പോർടുമായി ബന്ധപ്പെട്ട മറ്റു മേഖലകളിൽ ഈ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്താനാണു കമ്പനിയുടെ നീക്കം.

ഗ്രൂപ് കമ്പനിയായ സ്കോഡയുടെ റാലി പരിപാടികളിലും ഫോക്സ്‌വാഗൻ മോട്ടോർ സ്പോർട് വിഭാഗം ജീവനക്കാരെ വിന്യസിച്ചേക്കും. വേൾഡ് റാലി ചാംപ്യൻഷിപ്പിൽ നിന്നുള്ള പിൻമാറ്റം സംബന്ധിച്ചു ജീവനക്കാരെയാണു ഫോക്സ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌്വാഗൻ ആദ്യം വിവരം അറിയിച്ചത്. ഇതിനു ശേഷം മാത്രമേ ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ എന്നും കമ്പനി വ്യക്തമാക്കി. 2017 ഡബ്ല്യു ആർ സി വ്യവസ്ഥകൾക്കു വിധേയമായി പുതിയ ‘പോളോ ഡബ്ല്യു ആർ സി’ ഫോക്സ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌്വാഗൻ വികസിപ്പിച്ചിരുന്നു; എന്നാൽ ഇടപാടുകാരായ ടീമുകൾക്ക് ഈ കാർ ലഭ്യമാക്കേണ്ടതില്ലെന്നാണു കമ്പനിയുടെ തീരുമാനം.

പുതിയ കാർ വികസനത്തിനുള്ള ചെലവ് നിലവിലുള്ള ഗവേഷണ, വികസന ബജറ്റിന്റെ ഭാഗമാക്കി മാറ്റാനും ഫോക്സ്‌വാഗൻ തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് ഈ കാർ ലഭ്യമാക്കില്ല. ചുരുക്കത്തിൽ ‘2017 പോളോ ഡബ്ല്യു ആർ സി’ ആശയഘട്ടത്തിൽ തന്നെ അസ്തമിക്കും. തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചശേഷമാണു ഫോക്സ്‌വാഗൻ വേൾഡ് റാലി ചാംപ്യൻഷിപ്പിനോടു വിട പറയുന്നത്. 2013 മുതൽ 2016 വരെയുള്ള നാലു സീസണുകളിൽ നിർമാതാക്കൾക്കും ഡ്രൈവർമാർക്കുമുള്ള ചാംപ്യൻഷിപ്പുകൾ ഫോക്സ്‌വാഗൻ സ്വന്തമാക്കിയിരുന്നു. ഇതുവരെ മൊത്തം 41 വിജയങ്ങളാണു ഫോക്സ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌്വാഗൻ ഡബ്ല്യു ആർ സി ചാംപ്യൻഷിപ്പിൽ നേടിയത്. 2016 സീസണിലെ അവസാന റൗണ്ടായ ഓസ്ട്രേലിയയിലെ മത്സരം അവശേഷിക്കെയാണു മത്സരത്തോടു വിട പറയാനുള്ള ഫോക്സ്‌വാഗന്റെ തീരുമാനം.

‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു വേൾഡ് റാലി ചാംപ്യൻഷിപ്പിനോടു വിട പറയാൻ ഫോക്സ്‌വാഗൻ തീരുമാനിച്ചതെന്നാണു സൂചന. യു എസിൽ വിറ്റ അഞ്ചു ലക്ഷത്തോളം കാറുകളിൽ മലിനീകരണ നിയന്ത്രണ നിലവാരവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ1000 കോടി യൂറോയോളം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ അധിക സാമ്പത്തിക ബാധ്യതയെ മറികടക്കാനാണു കമ്പനി ഡബ്ല്യു ആർ സി പോലുള്ള ചെലവുകൾ ചുരുക്കുന്നതെന്നാണു സൂചന.  ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയും 18 വർഷത്തെ പങ്കാളിത്തത്തിനൊടുവിൽ ഡബ്ല്യു ഇ സിയോടു വിട പറയാൻ തീരുമാനിച്ചിരുന്നു. പകരം ഫോർമുല ഇയിൽ മത്സരിക്കാനാണു കമ്പനിയുടെ ഒരുക്കം.