എല്ലാ സ്വിഫ്റ്റ്, ഡിസയർ മോ‍ഡലുകള്‍ക്കും ഇനി എയർബാഗ്

ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും തീരുമാനിച്ചു. തുടക്കമെന്ന നിലയിൽ ‘സ്വിഫ്റ്റി’ന്റെയും ‘സ്വിഫ്റ്റ് ഡിസയറി’ന്റെയും എല്ലാ വകഭേദങ്ങളിലും ഓപ്ഷനൽ വ്യവസ്ഥയിൽ ഇരട്ട എയർബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും(എ ബി എസ്) ലഭ്യമാക്കാനാണു കമ്പനിയുടെ നീക്കം.ഇന്ത്യയിലും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്രാഷ് ടെസ്റ്റ് പോലുള്ള ഊർജിത നടപടികൾ 2017 ഒക്ടോബർ മുതൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നതു കൂടി പരിഗണിച്ചാണു മാരുതി സുസുക്കിയുടെ ഈ നടപടി. പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിലെത്തുന്നതോടെ കാറുകളിൽ എയർബാഗ് നിർബന്ധമാവും.

രാജ്യത്തെ നിലവിലുള്ള രീതിയനുസരിച്ച് കാറുകളുടെ മുന്തിയ വകഭേദങ്ങളിൽ മാത്രമാണു കൂടുതൽ സുരക്ഷ ഉറപ്പു നൽകുന്ന എയർ ബാഗും എ ബി എസും ഇ ബി ഡിയുമൊക്കെ ലഭിക്കുക. എന്നാൽ ഇത്തരം വകഭേദങ്ങളിൽ പവർ വിൻഡോ, ഡീ ഫോഗർ സഹിതം റിയർ വൈപ്പർ, ക്ലൈമറ്റ് കൺട്രോളുള്ള എ സി, പവർ ഫോൾഡിങ് — അഡ്ജസ്റ്റബ്ൾ വിങ് മിറർ, റിയർ പാർക്കിങ് സെൻസർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കീ രഹിത എൻട്രി — പുഷ് ബട്ടൻ സ്റ്റാർട്ട്, ഫോഗ് ലാംപ്, ടെലിസ്കോപിക് സ്റ്റീയറിങ് വീൽ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, പ്രൊജക്ടർ ഹെഡ്ലാംപ്, റിവേഴ്സ് കാമറ, സ്മാർട് പ്ലേ എന്റർടെയ്ൻമെന്റ് സംവിധാനം തുടങ്ങി സാധാരണക്കാരനു താൽപര്യമില്ലാത്ത ഒട്ടേറെ കാര്യങ്ങളും കടന്നു വരും. ഇതോടെ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് ഇത്തരം മോഡലുകളുടെ വിലയിലും കാര്യമായ വർധന സംഭവിക്കും.

ഈ സാഹചര്യത്തിൽ പലരും സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തും വില കുറഞ്ഞ വകഭേദം സ്വീകരിക്കാൻ നിർബന്ധിതരാവും. ഈ പരിമിതി മറികടക്കാനാണ് ഓപ്ഷനൽ വ്യവസ്ഥയിൽ എയർബാഗും എ ബി എസും ലഭ്യമാക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നത്.ഇന്ത്യൻ വാഹന വ്യവസായത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച മോഡലുകൾ എന്ന നിലയിലാണ് ‘സ്വിഫ്റ്റി’ലും ‘ഡിസയറി’ലും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിക്കുന്നു. സമലാലിക രൂപകൽപ്പനയുടെയും മികച്ച യാത്രാസുഖത്തിന്റെയും പ്രകടനക്ഷമതയുടെയും സംവിധാനങ്ങളുടെയുമൊക്കെ പിൻബലമുള്ള ‘സ്വിഫ്റ്റി’നെയും ‘ഡിസയറി’നെയും എയർ ബാഗുകളുടെയും എ ബി എസിന്റെയും സാന്നിധ്യം കൂടുതൽ ജനപ്രിയമാക്കുമെന്നാണു കാൽസിയുടെ പ്രതീക്ഷ.

നിലവിൽ ഈ കാറുകളുടെ മുന്തിയ വകഭേദമായ ‘സെഡ് എക്സ് ഐ’യിലും ‘സെഡ് ഡി ഐ’യിലുമാണ് എയർബാഗും എ ബി എസുമുള്ളത്. ഇനി മുതൽ 12,000 മുതൽ 20,000 രൂപ വരെ അധികം നൽകിയാൽ ഈ കാറുകളുടെ ‘എൽ എക്സ് ഐ’, ‘എൽ ഡി ഐ’, ‘വി എക്സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങളിലും എയർബാഗും എ ബി എസും ലഭിക്കും. ചെറുകാറായ ‘വാഗൻ ആറി’ലും സെഡാനായ ‘സിയാസി’ലും എം പി വിയായ ‘എർട്ടിഗ’യിലുമൊക്കെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി ഇരട്ട എയർബാഗും എ ബി എസും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ‘ബലേനൊ’യിലും ‘എസ് ക്രോസി’ലും എല്ലാ വകഭേദത്തിലും അവതരണ വേളയിൽ തന്നെ മാരുതി സുസുക്കി ഈ സൗകര്യങ്ങൾ ഏർപ്പെടുത്തി.