പുതിയ ഇന്നോവ അടുത്ത മാസം

All New Innova

ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള എംയുവി ഇന്നോവയുടെ പുതിയ പതിപ്പിനെ അടുത്തമാസം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. അടുത്ത മാസം ആദ്യം പ്രദർശിപ്പിക്കുമെങ്കിലും ഈ വർഷം പകുതിയോടെ മാത്രമേ വാഹനം പുറത്തിറങ്ങു എന്നാണ് കരുതുന്നത്. 2015 നവംബര്‍ 22 ന് ജക്കാര്‍ത്ത മോട്ടോര്‍ഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ 2016 ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഇന്തോനേഷ്യ വിപണിയിലുള്ള 2016 ഇന്നോവ വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഇന്ത്യയിലെത്തുക.

All New Innova

പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ഇന്നോവ അപ്പ്മാർക്കറ്റ് ലുക്ക് കൊടുക്കാനാണ് ടൊയോട്ട ശ്രമിച്ചിരിക്കുന്നത്. ഇന്റീരിയറിലും കാതലായ മാറ്റങ്ങളുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ, മൾട്ടി മീഡിയ സിസ്റ്റം, മീറ്റർ കൺസോള്‍ എന്നിവ ഇന്നോവ 2016 ന്റെ പ്രത്യേകതയാണ്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. ‌‌‌‌

All New Innova

പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക; ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്.പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്. ‌ഇന്തോനേഷ്യയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയിൽ‌ ഡീസലിനായിരിക്കും കൂടുതൽ സാധ്യത.വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നതു മുൻനിർത്തിയാണു ടി കെ എമ്മിന്റെ നിലപാട് മാറ്റമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങൾക്കിടയിലെ യാത്രകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്.

All New Innova

ടി കെ എമ്മിന്റെ അവതരണ മോഡലും എം പി വിയുമായിരുന്ന ‘ക്വാളിസ്’ പിൻവലിച്ച വേളയിൽ 2005ലാണ് ‘ഇന്നോവ’ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ‘ഇന്നോവ’കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും ‘ഇന്നോവ’യായിരുന്നു.വിപണിയിൽ ശരിയായ സ്ഥാനം ഉറപ്പാക്കാനായി ‘ഇന്നോവ’ വകഭേദങ്ങളുടെയും വിലയുടെയും കാര്യത്തിൽ ആദ്യകാലത്ത് ടൊയോട്ട നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ഇന്നോവ’യ്ക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാണു വില.