ഇന്ത്യൻ കാർ വിൽപ്പനയിൽ പുതുചരിത്രം രചിച്ച് ‘ഓൾട്ടോ’

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറെന്ന പട്ടം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എൻട്രി ലവൽ മോഡലായ ‘ഓൾട്ടോ’യ്ക്ക്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 29 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയോടെയാണ് ‘ഓൾട്ടോ’ ഈ റെക്കോർഡ് സ്വന്തമാക്കിയത്. നിലവിൽ വിപണിയിലില്ലാത്ത ‘മാരുതി 800’ ആയിരുന്നു ഇതുവരെ ഒറ്റ ബ്രാൻഡിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന കൈവരിച്ച കാർ. പതിനഞ്ചു വർഷം മുമ്പ് 2000 സെപ്റ്റംബറിലാണ് ‘ഓൾട്ടോ’ നിരത്തിലെത്തിയത്. തുടർന്നു കഴിഞ്ഞ ഒക്ടോബർ 31 വരെ മൊത്തം 29,19,819 യൂണിറ്റിന്റെ വിൽപ്പനയാണു കാർ കൈവരിച്ചത്. ഒറ്റ ബ്രാൻഡിൽപെട്ട കാറിന്റെ വിൽപ്പനയിൽ നേരത്തെ മാരുതി സുസുക്കിയുടെ തന്നെ ‘മാരുതി 800’ സ്ഥാപിച്ച റെക്കോർഡാണ് ‘ഓൾട്ടോ’ മറികടക്കുന്നത്.

alto 800

മൊത്തം 29 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് സന്തോഷം സമ്മാനിച്ചാണ് ‘ഓൾട്ടോ’ ഒറ്റ ബ്രാൻഡിൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറായി മാറുന്നതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. സഞ്ചാര സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾ ആദ്യം തിരഞ്ഞെടുക്കുന്നത് ‘ഓൾട്ടോ’യാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ വാഹന ചരിത്രത്തെ പൊളിച്ചെഴുതിയതാണ് ‘ഓൾട്ടോ’യെ വിൽപ്പനയുടെ കൊടുമുടിയിലെത്തിച്ചതെന്നും കാൽസി കരുതുന്നു. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ വിലയും പരിപാലന ചെലവുമൊക്കെ ചേർന്നാണ് ‘ഓൾട്ടോ’യെ ഒരു തലമുറയുടെ തന്നെ ഇഷ്ടവാഹനമാക്കിയതെന്ന് അദ്ദേഹം വിലയിരുത്തി.

നീണ്ട 29 വർഷം കൊണ്ടാണ് ‘മാരുതി 800’ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചത്; എന്നാൽ അതിന്റെ പകുതിയോളം വർഷം കൊണ്ടുതന്നെ ‘ഓൾട്ടോ’ ഈ ചരിത്രനേട്ടത്തെ മറികടന്നു എന്നതും ശ്രദ്ധേയമാണ്. 1983 ഡിസംബറിൽ പുറത്തെത്തി 2014 ജനുവരിയിൽ ഓട്ടം പൂർത്തിയാക്കുന്നതിനിടെ 28 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് ‘മാരുതി 800’ കൈവരിച്ചത്. രാജ്യത്തെ 13 നഗരങ്ങൾ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് നാല് നിലവാരത്തിലേക്കു മാറിയതോടെ 2010 ഏപ്രിലിലായിരുന്നു മാരുതി സുസുക്കി കാറിന്റെ വിൽപ്പനയും വിപണനവും ഘട്ടം ഘട്ടമായി അവസാനിപ്പിച്ചത്. ‘മാരുതി 800’ പോലെ 800 സി സി എൻജിനോടെയായിരുന്നു ‘ഓൾട്ടോ’യുടെയും അരങ്ങേറ്റം. പിന്നീട് 2010 —11ൽ ഒരു ലീറ്റർ എൻജിനുള്ള ‘ഓൾട്ടോ’ വിൽപ്പനയ്ക്കെത്തി. 2012 — 13ലാവട്ടെ സമഗ്രമായി പരിഷ്കരിച്ച ‘ഓൾട്ടോ’യും നിരത്തിലെത്തി.

ഓൾട്ടോയുടെ വിൽപ്പനക്കണക്ക് ഒറ്റ നോട്ടത്തിൽ