അമേരിക്കയുടെ ആദ്യ ഫോർമുല വൺ കാർ വിൽപ്പനയ്ക്ക്

അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് ആദ്യമായി ഫോർമുല വണ്ണിൽ മത്സരിച്ച കാറുകൾ വിൽപ്പനയ്ക്ക്. ലണ്ടനിലെ ബോൺഹാംസ് ഓക്ഷൻസാണ് കാറുകളും അവകൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഫിയറ്റ് ട്രാൻസ്‌പോർട്ടറും ലേലത്തിൽ വെച്ചിരിക്കുന്നത്. അമേരിക്കൻ നിർമ്മിത കാറായ റേവന്റ്‌ലോ സ്‌കരാബ് 1960 ലാണ് എഫ് വണ്ണിൽ മത്സരിച്ചത്. സീസണിലെ ഒറ്റ മത്സരത്തിൽപോലും വിജയിക്കാനായില്ലെങ്കിലും  ആദ്യത്തെ അമേരിക്കൻ നിർമ്മിത എഫ് വൺ കാർ എന്ന നിലയിൽ ലോകപ്രശസ്തമാണ്. ടോം ബാർൺസും ടാർക്കോ എഞ്ചിനിയറിംഗും ചേർന്നാണ് കാർ നിർമ്മിച്ചിരിക്കുന്നത്. 

അമേരിക്കയിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച കാർ 1960ലെ മൊണാക്കോ ഗ്രാന്റ് പിക്‌സിൽ ആദ്യമായി മത്സരിച്ചെങ്കിലും അന്ന് റിയർ എഞ്ചിൻ റേസ്‌കാറുകളുടെ അടുത്തെങ്ങുമെത്താനായില്ല. എന്നാൽ കാലിഫോർണിയയിൽ നടന്ന ഗ്രാന്റ് പ്രിക്‌സിൽ പത്താം സ്ഥാനത്തെത്തി.

മത്സരിക്കാൻ മൂന്ന് കാറുകളുണ്ടായിരുന്നെങ്കിലും രണ്ട് കാറുകൾ മാത്രമേ ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളു. ഷെവർലെയുടെ 283 സിഐ വി-8 എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 11ന് ലേലം നടത്തുന്ന കാറുകൾക്ക് 7 മുതൽ 9.5 കോടി രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില.