സാക്ഷിക്ക് മഹീന്ദ്രയുടെ സമ്മാനം ഥാർ

റിയോയിലെ ഇന്ത്യയുടെ മെഡലിനായുള്ള കാത്തിരിപ്പിന് അപ്രതീക്ഷിത വിരാമം നൽകിയ ഗുസ്തി താരമാണ് സാക്ഷി മാലിക്ക്. പന്ത്രണ്ട് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഹരിയാനക്കാരിയിലൂടെ ഇന്ത്യ ഒരു മേഡൽ നേടിയത്. മെഡൽ പ്രതീക്ഷ പുലർത്തിയ ഇനങ്ങളെല്ലാം നിരാശ മാത്രം സമ്മാനിച്ചപ്പോൾ, അപ്രതീക്ഷിതമായൊരു മെഡൽനേട്ടമാണ് സാക്ഷിയിലൂടെ രാജ്യത്തിന് ലഭിച്ചത്.

Read More: കാത്തിരിപ്പിനു വിട, ജീപ്പ് ഇന്ത്യയിലേക്ക്

റിയോയിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായ സാക്ഷി മാലിക്കിന് സമ്മാനപ്പെരുമഴയാണ്. വിവിധ വിഭാഗങ്ങളിൽനിന്നായി ഏകദേശം മൂന്നര കോടിയോളം രൂപയുടെ വാഗ്ദാനം ആയിക്കഴിഞ്ഞു താരത്തിന്. ഇതിനിടെ സാക്ഷിക്ക് പുതു പുത്തൻ ഥാർ സമ്മാനമായി നൽകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളായ മഹീന്ദ്ര ആൻ മഹീന്ദ്ര. കമ്പനിയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഥാർ സമ്മാനമായി നൽകുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Read More: അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്?

സാക്ഷിയുടെ ഇഷ്ട നിറം അറിയാനായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു ആനന്ദ് മഹീന്ദ്ര. ഓഫ് റോഡർമാരുടെ ഇഷ്ടവാഹനമായ ഥാറിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. 24980 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്, 2523 ബിഎച്ച്പി കരുത്തുപയോഗിക്കുന്ന ഡിഐ എൻജിന് 63 ബിഎച്ച്പി കരുത്തും 182.5 എൻഎം ടോർക്കുമുണ്ട്. 5.88 ലക്ഷം മുതൽ 8.85 ലക്ഷം വരെയാണ് ഥാറിന്റെ ഡൽഹി എക്സ്ഷോറൂം വില.

ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് 23കാരിയായ സാക്ഷി. ഹരിയാന സ്വദേശിയായ സാക്ഷി, 2014 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015ൽ ദോഹയിൽ നടന്ന സീനിയർ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്.