ഇസൂസുവിന്റെ 20 ‘എം യു സെവൻ’ വാങ്ങാൻ ആന്ധ്ര സർക്കാർ

ഉന്നത ഉദ്യോഗസ്ഥർക്കു കാർ വാങ്ങാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് ആന്ധ്ര പ്രദേശ് സർക്കാർ പിൻവലിച്ചു. ഒപ്പം ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിന്റെ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എം യു സെവൻ’ 20 എണ്ണം വാങ്ങാനുള്ള ഫണ്ടും സർക്കാർ അനുവദിച്ചു. അന്ധ്ര പ്രദേശിൽ നിർമാണശാല സ്ഥാപിച്ച കമ്പനിയായ ഇസൂസുവിനുള്ള പ്രത്യേക പ്രോത്സാഹനമെന്ന നിലയിലാണു സംസ്ഥാന സർക്കാർ 20 ‘എം യു സെവൻ’ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശിൽ വാഹന നിർമാണം നടത്തുന്ന ആദ്യ കമ്പനിയാണ് ഇസൂസു. ‘മെയ്ഡ് ഇൻ ആന്ധ്ര പ്രദേശ്’ പ്രചാരണത്തിന്റെ ഭാഗമായാണ് ആന്ധ്ര സർക്കാർ വാഹന നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. സ്പെഷൽ ചീഫ് സെക്രട്ടറിമാരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കാണ് ആന്ധ്ര സർക്കാർ ‘എം യു സെവൻ’ അനുവദിച്ചിരിക്കുന്നത്.

വിപണിയിൽ 29 ലക്ഷം രൂപ വില മതിക്കുന്ന ‘എം യു സെവൻ’ 19 ലക്ഷം രൂപയെന്ന പ്രത്യേക നിരക്കിലാണ് ഇസൂസു സംസ്ഥാന സർക്കാരിനു ലഭ്യമാക്കുന്നത്. പ്രത്യേക ഇളവോടെ വാഹനം നൽകാമെന്ന് ഇസൂസു വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് 20 ‘എം യു സെവൻ’ വാങ്ങുന്നതെന്നു സംസ്ഥാന ധന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. വാഹനം വാങ്ങാനായി 3.80 കോടി രൂപയാണു ധന വകുപ്പ് അനവുദിച്ചത്.
പുതിയ വാഹനങ്ങൾക്കായി വിവിധ വകുപ്പുകൾ സമർപ്പിച്ച നിർദേശങ്ങളിൽ ആന്ധ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. 22 ലക്ഷം രൂപ വില മതിക്കുന്ന, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ ക്രിസ്റ്റ’യുടെ മുന്തിയ വകഭേദം വാങ്ങാനായാണു പല വകുപ്പുകളും അനുമതി തേടിയിരുന്നത്. പുതിയ വാഹനം വാങ്ങാനുള്ള വിലക്ക് ചൂണ്ടിക്കാട്ടി സർക്കാർ ഇത്തരം നിർദേശങ്ങൾ നിരസിക്കുകയായിരുന്നു.

സാമ്പത്തിക സ്ഥിതി തീർത്തും മോശമായിരുന്ന കാലത്താണ് ആന്ധ്ര സർക്കാർ പുതിയ വാഹനം വാങ്ങാനുള്ള നിർദേശങ്ങൾക്കു സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. പുതിയ വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ ഒരു കാരണവശാലും സ്വീകരിക്കേണ്ടെന്നു ധന വകുപ്പിനും നിർദേശമുണ്ടായിരുന്നു. ഇന്ധന, പരിപാലന ചെലവുകൾ കുറയ്ക്കാൻ വാഹനം സ്വന്തമായി വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കാനായിരുന്നു വകുപ്പുകൾക്കുള്ള നിർദേശം. നേരത്തെ പൊലീസ് വകുപ്പിനു വാഹനം വാങ്ങാൻ 100 കോടി രൂപ ആന്ധ്ര സർക്കാർ അനുവദിച്ചിരുന്നു. പൊലീസിന്റെ പഴയ വാഹനങ്ങൾ മാറ്റി തെലങ്കാന സർക്കാർ പുതിയവ അനുവദിച്ച സാഹചര്യത്തിലായിരുന്നു ആന്ധ്ര പ്രദേശിന്റെ ഈ നടപടി.