ഇനി ആഡംബര ഹോട്ടലോ ഈ അഭിമാനക്കപ്പൽ

INS Virat

രാഷ്ട്ര സേവനത്തിന്റെ അവസാന നാളിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമകലാതെ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ‘ഐ എൻ എസ് വിരാട്’. ആഡംബര ഹോട്ടലായി സേവനം തുടരാനാണോ പൊളിക്കൽ കേന്ദ്രത്തിലേക്കു പോകാനാണോ വിധിയെന്ന അവ്യക്തതയാണ് ആഗോളതലത്തിൽ തന്നെ സൈനിക സേവനത്തിലുള്ള ഏറ്റവും പഴക്കമേറിയ വിമാനവാഹനി കപ്പലായ ‘ഐ എൻ എസ് വിരാട്’ അഭിമുഖീകരിക്കുന്നത്. കേന്ദ്ര സർക്കാരുമായി സംയുക്ത സംരംഭം രൂപീകരിച്ച് ‘ഐ എൻ എസ് വിരാടി’നെ വിശാഖപട്ടണം ആസ്ഥാനമായി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ആന്ധ്ര പ്രദേശ് സർക്കാരിന്റെ നിർദേശത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

INS Virat

പൊളിക്കൽ കേന്ദ്രത്തിത്തിൽ ഒടുങ്ങിയ ‘ഐ എൻ എസ് വിക്രാന്തി’ന്റെ വിധി ‘വിരാടി’നു വരാതിരിക്കാൻ സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിൽ കേന്ദ്ര തീരുമാനം വേഗമുണ്ടാവണമെന്നാണു നാവികസേനയുടെ ആഗ്രഹം. സൈനിക സേവനത്തിൽ നിന്നു വിരമിക്കുന്ന ‘വിരാടി’നെ സംരക്ഷിക്കാൻ നിർദേശമുണ്ടെങ്കിൽ സമർപ്പിക്കാൻ കഴിഞ്ഞ വർഷമാണു പ്രതിരോധ മന്ത്രാലയം തീരദേശമുള്ള സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. തുടർന്ന് കപ്പലിനെ തീരത്തു നിന്നു മാറി ആഡംബര ഹോട്ടലാക്കി മാറ്റി മരീനയും എന്റർടെയ്ൻമെന്റ് മേഖലയുമൊക്കെ വികസിപ്പിക്കാമെന്ന വാഗ്ദാനവുമായി ആന്ധ്ര പ്രദേശ് രംഗത്തെത്തി. കേന്ദ്ര പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്ന നിർദേശം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ അറിയിക്കുകയും ചെയ്തു.

INS Virat

കഴിഞ്ഞ മാസം അവസാനം പദ്ധതി നിർവഹണത്തിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ(എസ് പി വി) രൂപീകരിക്കാൻ തത്വത്തിലുള്ള അനുമതി തേടി കേന്ദ്ര നഗര വികസന മന്ത്രി എം വെങ്കയ്യ നായിഡുവിനും വിനോദ സഞ്ചാര മന്ത്രി മഹേഷ് ശർമയ്ക്കും അദ്ദേഹം കത്തയച്ചിട്ടുമുണ്ട്. ‘ഐ എൻ എസ് വിരാടി’ന്റെ പ്രൗഢ പാരമ്പര്യം നിലനിർത്താനാണു സർക്കാരിന്റെ ശ്രമമെന്നു നായിഡു വിശദീകരിക്കുന്നു. സമാന പദ്ധതികളായ ‘യു എസ് എസ് അലബാമ’യും ‘യു എസ് എസ് കോൺസ്റ്റലേഷനും’ ‘എച്ച് എം എസ് ബെൽഫാസ്റ്റും’ പോലെ ആഗോള നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമായി ‘ഐ എൻ എസ് വിരാടി’നെയും വികസിപ്പിക്കുകയാണു സംസ്ഥാനത്തിന്റെ ലക്ഷ്യം. 1.000 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രതിവർഷം 150 കോടിയോളം രൂപ പരിപാലന ചെലവും കണക്കാക്കിയിട്ടുണ്ട്.