മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഗോള പങ്കാളിയായി അപ്പോളൊ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്വും ടയർ നിർമാതാക്കളായ അപ്പോളൊ ടയേഴ്സുമായി മൂന്നു വർഷ കാലാവധിയുള്ള ആഗോള സ്പോൺസർഷിപ് കരാർ ഒപ്പിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബുമായി മേഖലാ തലത്തിലുണ്ടായിരുന്ന സഹകരണം മൂന്നു വർഷം പൂർത്തിയാവുന്ന വേളയിലാണ് അപ്പോളൊ ടയേഴ്സ് സ്പോൺസർഷിപ് ആഗോളതലത്തിലേക്കുവ്യാപിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ബ്രാൻഡിന്റെ സ്വാധീനം വർധിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സഖ്യം സഹായിച്ചെന്നും അപ്പോളൊ ടയേഴ്സ് വിലയിരുത്തുന്നു.

ലോകത്തിലെ ഫുട്ബോൾ  ക്ലബുകളിൽ മുൻനിരയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക, ആഗോള ടയർ പങ്കാളിയായിട്ടാവും അപ്പോളൊ ടയേഴ്സിന്റെ രംഗപ്രവേശം.
ക്ലബ്വിന്റെ 66 കോടിയോളം ആരാധകർക്കിടയിൽ സ്വാധീനം സൃഷ്ടിക്കാൻ പുതിയ കരാർ സഹായിക്കുമെന്നാണ് അപ്പോളൊ ടയേഴ്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ മാർകോ പരസ്സിയാനിയുടെ പ്രതീക്ഷ. ദേശഭേദമില്ലാതെ, ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കു മുന്നിൽ അപ്പോളൊ ബ്രാൻഡിനും ഉൽപന്നങ്ങൾക്കും ഇടം നേടാനും ഈ ധാരണയിലൂടെ സാധ്യമാവുമെന്ന് അദ്ദേഹം കരുതുന്നു.  കഴിഞ്ഞ മൂന്നു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സഹകരണം ഇന്ത്യയിലും മധ്യപൂർവ ദേശത്തും ദക്ഷിണ പൂർവ ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും കമ്പനിക്കു മികച്ച നേട്ടം സമ്മാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

2013 ഓഗസ്റ്റിൽ ഇന്ത്യയിലും യു കെയിലുമായാണ് അപ്പോളൊ ടയേഴ്സും മാൻ യുവുമായി മേഖലാതല സഹകരണം ആരംഭിച്ചത്. പിന്നീട് ഈ ധാരണ നൂറോളം രാജ്യങ്ങളിലക്കു വ്യാപിപ്പിക്കാൻ ഇരുകക്ഷികളും തീരുമാനിക്കുകയായിരുന്നു. ക്ലബിന്റെ ആഗോള പങ്കാളിയായി അപ്പോളൊ ടയേഴ്സ് മാറുന്നതു സ്വാഭാവിക പരിണാമമാണെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ് മാനേജിങ് ഡയറക്ടർ റിച്ചാർഡ് അർണോൾഡ് പ്രതികരിച്ചു. ആഗോളതലത്തിൽ 65.90 കോടിയോളം ആരാധകരാണു ടീമിനുള്ളത്. അപ്പോളൊ ടയേഴ്സിന്റെ പിന്തുണയോടെ ക്ലബിന്റെ ആരാധകവൃന്ദം വിപുലീകരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.