ഇരുചക്രവാഹന ടയർ: വാഹന നിർമാതാക്കളുമായി ചർച്ചയെന്ന് അപ്പോളൊ

ഇരുചക്രവാഹന ടയർ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച പിന്നാലെ രാജ്യത്തെ പ്രമുഖ ബൈക്ക്, സ്കൂട്ടർ നിർമാതാക്കൾക്ക് ടയറുകൾ ലഭ്യമാക്കാൻ അപ്പോളൊ ടയേഴ്സ് ശ്രമം തുടങ്ങി. ‘ആക്ടി സീരീസു’മായി ഇരുചക്രവാഹന ടയർ വിഭാഗത്തിലെ ആഫ്റ്റർ സെയിൽസ് മാർക്കറ്റിൽ അരങ്ങേറ്റം കുറിച്ച പിന്നാലെയാണ് അപ്പോളൊ ടയേഴ്സ് ഒ ഇ എം മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് അപ്പോളൊ ടയേഴ്സിന്റെ ഇരുചക്രവാഹന ടയറുകൾ വിപണിയിൽ പ്രവേശിച്ചത്. അടുത്ത വർഷത്തോടെ സ്വന്തമായി ഇരുചക്രവാഹന ടയർ നിർമിക്കുന്നതിനെക്കുറിച്ചു വിശദ ചർച്ചകളും സംവാദങ്ങളും നടത്താനും അപ്പോളൊ ടയേഴ്സിനു പദ്ധതിയുണ്ട്. നിലവിൽ പുറത്തുള്ള നിർമാതാവിൽ നിന്നു സമാഹരിക്കുന്ന ടയറുകളാണു കമ്പനി ‘അപ്പോളൊ’ ബ്രാൻഡിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.
റീപ്ലേസ്മെന്റ് മാർക്കറ്റിൽ പ്രവർത്തനം തുടങ്ങിയ പിന്നാലെ ചില ഇരുചക്രവാഹന നിർമാതാക്കൾ ടയറുകൾക്കായി കമ്പനിയെ സമീപിക്കുകയായിരുന്നെന്ന് അപ്പോളൊ ടയേഴ്സ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗൗരവ് കുമാർ അവകാശപ്പെട്ടു. ഒ ഇ എം വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ചില അനുമതികളും അംഗീകാരങ്ങളും നേടേണ്ടതുണ്ട്.

അതിനാൽ ഇക്കൊല്ലം ഈ മേഖലയിൽ നിന്നു വിൽപ്പന പ്രതീക്ഷിക്കുന്നില്ലെന്നു കുമാർ സൂചിപ്പിച്ചു. അതേസമയം, ഏതൊക്കെ ഇരുചക്രവാഹന നിർമാതാക്കളാണ് അപ്പോളൊ ടയേഴ്സിൽ താൽപര്യം പ്രകടിപ്പിച്ചതെന്നു വെളിപ്പെടുത്താനും അദ്ദേഹം തയാറായില്ല.അതുപോലെ നിലവിൽ ഇരുചക്രവാഹന ടയർ നിർമാണം ആരംഭിക്കാൻ കമ്പനി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിൽപ്പനയിലെ വളർച്ച പരിഗണിച്ചും ഒ ഇ എം മേഖലയിലെ പ്രവേശനം അടിസ്ഥാനമാക്കിയുമൊക്കെയാവും ഇതുസംബന്ധിച്ചു കമ്പനി തീരുമാനമെടുക്കുക.

എങ്കിലും അടുത്ത വർഷത്തോടെ ഇരുചക്രവാഹന ടയർ നിർമാണം സംബന്ധിച്ച തീരുമാനം പ്രതീക്ഷിക്കാമെന്നു കുമാർ സൂചിപ്പിച്ചു. ഇരുചക്രവാഹന ടയർ നിർമാണശേഷി ലഭ്യത സംബന്ധിച്ചും നിലവിൽ പ്രശ്നങ്ങളില്ലെന്നു കുമാർ വിശദീകരിച്ചു. അപ്പോളൊ ടയേഴ്സിന് ടയർ നിർമിച്ചു നൽകാൻ കരാറെടുത്ത കമ്പനി ഉൽപ്പാദനത്തിൽ പരിമിതിയൊന്നുമുള്ളതായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.