ആപ്പിൾ കാർ നിർമാണത്തിലേയ്ക്ക്?

പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിൾ കാർ നിർമാണരംഗത്തേയ്ക്കു കടക്കുന്നുവെന്ന് സൂചന. ആപ്പിൾ ഡോട്ട് കാർ, ആപ്പിൾ ഡോട്ട് കാർസ്, ആപ്പിൾ ഡോട്ട് ഓട്ടോ എന്നീ വെബ്സൈറ്റുകൾ ആപ്പിൾ കമ്പനി സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് ആപ്പിൾ കാർ നിർമാണരംഗത്തേക്കു കടക്കുകയാണെന്നുള്ള ഊഹാപോഹങ്ങൾക്കു ശക്തി പകർന്നിരിക്കുന്നത്. ഡിസംബറിലാണ് സ്മാർട്ഫോൺ ഭീമൻമാർ ഈ ഡൊമെയ്നുകൾ സ്വന്തമാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച മക്റൂമേഴ്സ് എന്ന സൈറ്റാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്. ആപ്പിൾസ് കാർ പ്ലേയുമായി ബന്ധപ്പെട്ടാണ് ആപ്പിൾ പുതിയ സൈറ്റുകൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് മക്റൂമേഴ്സ് റിപ്പോർട്ടു ചെയ്യുന്നു. ഐഫോണിലുള്ള കോണ്ടാക്റ്റുകൾ ഡ്രൈവർക്ക് ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്പാണ് ആപ്പിൾ കാർപ്ലേ. സ്റ്റിയറിങ് വീലിൽ നിന്നു കൈയെടുക്കാതെ തന്നെ വരുന്ന കോളുകൾ ഈ ആപ്പുപയോഗിച്ചു സ്വീകരിക്കുവാനാകും.

കാർ നിര്‍മാണത്തെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം ഫോർഡ്, മേഴ്സിഡസ് ബെന്‍സ് കമ്പനികളിൽ നിന്നും ഓട്ടോ എക്സ്പേർട്ട്സിനെ ആപ്പിൾ ജോലിക്കെടുത്തിട്ടുണ്ട്. ഇതും ഊഹാപോഹങ്ങൾക്കു ബലം നൽകുന്നു.

കഴിഞ്ഞ വർഷം ഗൂഗിളും കാർ നിർമാണത്തിലേക്കു കടന്നിരുന്നു. സിലിക്കൺവാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെർച് എൻജിൻ ഭീമൻ ഡ്രൈവറില്ലാ കാറുമായാണ് കാർ നിർമാണ രംഗത്തേക്കു പ്രവേശിച്ചത്. ഇതു വരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തായിട്ടില്ലെങ്കിലും ആപ്പിള്‍ കാർ നിർമാണത്തിലേക്കു കടക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം.