എൽ സി വി വിഭാഗത്തിൽ തുടരുമെന്ന് അശോക് ലേയ്​ലൻഡ്

കനത്ത നഷ്ടം നേരിടുന്നുണ്ടെങ്കിലും ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗത്തിൽ പ്രവർത്തനം തുടരുമെന്ന് ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്​ലൻഡ്. പങ്കാളിയായ നിസ്സാന്റെ സഹകരണത്തോടെ ഈ വിഭാഗത്തിലെ ലാഭക്ഷമത വർധിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം അശോക് ലേയ്​ലൻഡിന് 791 കോടി രൂപയുടെ നഷ്ടമാണു നിസ്സാനുമായുള്ള സംയുക്ത സംരംഭം സൃഷ്ടിച്ചത്.

എൽ സി വി വിഭാഗത്തോടുള്ള പ്രതിബദ്ധത അശോക് ലേയ്​ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരിയാണു കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചത്. പങ്കാളികളുമായി സഹകരിച്ച് ഈ വിഭാഗത്തിന്റെ പ്രവർത്തനം വിജയത്തിലെത്തിക്കുമെന്നും ദാസരി വ്യക്തമാക്കി.

വിവിധോദ്ദേശ്യ വാഹന(എം പി വി)ങ്ങളായ ‘സ്റ്റൈലി’ന്റെയും ‘ഇവാലിയ’യുടെയും പരാജയമാണു സംയുക്ത സംരംഭത്തിനു കനത്ത തിരിച്ചടി സൃഷ്ടിച്ചത്. ഇരു മോഡലുകളും പിൻവലിക്കേണ്ടി വന്നതോടെ കനത്ത സാമ്പത്തികബാധ്യത നേരിട്ടെന്ന് ദാസരി വിശദീകരിച്ചു. വിൽപ്പന തൃപ്തികരമല്ലെന്ന തിരിച്ചറിവിൽ ‘സ്റ്റൈൽ’ നിർമാണം നിർത്താൻ അശോക് ലേയ്​ലൻഡ് തീരുമാനിച്ചപ്പോൾ ഇതേ കാരണത്താൽ ‘ഇവാലിയ’യെ താൽക്കാലികമായി പിൻവലിക്കുകയാണെന്നാണു നിസ്സാന്റെ നിലപാട്.

മോഡൽ പരാജയമായതിനാൽ ‘സ്റ്റൈൽ’ നിർമാണം നിർത്തിയെന്നു ദാസരി തുറന്നു സമ്മതിച്ചു. വാണിജ്യ വാഹനത്തിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്താനാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. നഗര, ഗ്രാമീണ മേഖലകളിൽ ഏഴോ എട്ടോ പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്തായിരുന്നു 2013ൽ അശോക് ലേയ്​ലൻഡ് ‘സ്റ്റൈൽ’ അവതരിപ്പിച്ചത്.

അതേസമയം നിസ്സാനുമായുള്ള സംയുക്ത സംരംഭത്തിൽ നിന്നുള്ള ചെറു എൽ സി വിയായ ‘ദോസ്ത്’ വിൽപ്പന ഊർജിതമാക്കുമെന്നും അശോക് ലേയ്​ലൻഡ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും നിസ്സാനും അശോക് ലേയ്​ലൻഡുമായുള്ള പങ്കുകച്ചവടം കടുത്ത സാമ്പത്തിക സമ്മർദം നേരിടുകയാണെന്നാണു കണക്കുകൾ നൽകുന്ന സൂചന. 2014 — 15ൽ 791.16 കോടിയുടെ നഷ്ടം നേരിട്ട കമ്പനി 2013 — 14ലും 175.41 കോടി രൂപ നഷ്ടം വരുത്തിയിരുന്നു. പോരെങ്കിൽ 2013 — 14ൽ 1,052.15 കോടിയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 1,030.41 കോടിയായി കുറയുകയും ചെയ്തു.

ജാപ്പനീസ് നിർമാതാക്കളായ നിസ്സാനുമൊത്ത് 2007ലാണ് അശോക് ലേയ്​ലൻഡ് പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചത്; കമ്പനിയുടെ 51% ഓഹരികളും അശേക് ലേയ്​ലൻഡിനാണ്. നിസ്സാൻ, അശോക് ലേയ്​ലൻഡ് ബ്രാൻഡുകളിൽ വിൽക്കാനായി രണ്ടര മുതൽ ഏഴര ടൺ വരെ ഭാരം വഹിക്കാവുന്ന എൽ സി വികൾ വികസിപ്പിക്കാനും നിർമിക്കാനും ലക്ഷ്യമിട്ടായിരുന്നു പുതിയ സംരംഭത്തിന്റെ തുടക്കം.