‘ക്യാപ്റ്റൻ 40 ഐടി ട്രാക്ടറു’മായി അശോക് ലേയ്‌ലൻഡ്

ഹിന്ദുജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ ‘ക്യാപ്റ്റൻ’ ശ്രേണിയിലെ പുതിയ മോഡലായ ‘ക്യാപ്റ്റൻ 40 ഐടി ട്രാക്ടർ’ പുറത്തിറങ്ങി. ഡ്രൈവർമാരിൽ നിന്നും ഉപയോക്താക്കളിൽ നിന്നുമുള്ള പ്രതികരണങ്ങൾ വിലയിരുത്തി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായാണു ‘ക്യാപ്റ്റൻ 40 ഐടി’യുടെ രൂപകൽപ്പനയെന്നു കമ്പനി വെളിപ്പെടുത്തി.

‘ക്യാപ്റ്റൻ 40 ഐടി’യിലെ ടർബോചാർജ്ഡ് ഡീസൽ എൻജിനു പരമാവധി 180 ബി എച്ച് പി കരുത്തും 660 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലായി 23 ലക്ഷം കിലോമീറ്ററോളം നീണ്ട പരീക്ഷണ ഓട്ടത്തിനൊടുവിലാണു പുതിയ ട്രാക്ടറിന്റെ വിൽപ്പന ആരംഭിക്കുന്നതെന്ന് അശോക് ലേയ്‌ലൻഡ് അവകാശപ്പെടുന്നു.

മികച്ച നിലവാരമുള്ള കാബിനോടെ എത്തുന്ന ട്രാക്ടറിൽ 40 ടൺ/49 ടൺ വിഭാഗങ്ങളിലായി ഇന്ധനക്ഷമതയേറിയ, പുത്തൻ ഡ്രൈവ് ട്രെയ്നും ഇന്റലിജന്റ് എൻജിൻ മാനേജ്മെന്റ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വിച്ച് ഉപയോഗിച്ച് ട്രക്കിൽ ചരക്ക് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാനാണ് ഇന്റലിജന്റ് എൻജിൻ മാനേജ്മെന്റ് സിസ്റ്റം.

സ്ഥലസൗകര്യമേറിയ കാബിനോടെ എത്തുന്ന ‘ക്യാപ്റ്റൻ 40 ഐ ടി’യിൽ മികച്ച വായുസഞ്ചാരത്തിനായി റൂഫ് ഹാച്ച്, ലെഗ് വെന്റ് എന്നിവയുണ്ട്. ട്രക്ക് പാർക്ക് ചെയ്ത വേളയിൽ പുറത്തു നിന്നു തുറക്കാവുന്ന ലോക്കർ, സ്ലീപ്പർ ബർത്ത്, മൊബൈൽ ചാർജർ, യു എസ് ബി പോർട്ട് സഹിതം മ്യൂസിക് പ്ലയർ എന്നിവയെല്ലാം ‘ക്യാപ്റ്റൻ 40 ഐ ടി’യിലുണ്ട്.

‘ക്യാപ്റ്റൻ’ ശ്രേണിയിലെ ട്രക്കുകളുടെ മുഖമുദ്രയായ യാത്രാസുഖം, വിശ്വാസ്യത, കാര്യക്ഷമത, വൈവിധ്യം എന്നിവയൊക്കെ ‘ക്യാപ്റ്റൻ 40 ഐടി’യിലും പ്രതിഫലിക്കുന്നുണ്ടെന്ന് അശോക് ലേയ്ലൻഡ് പ്രസിഡന്റ് (ട്രക്ക്സ്) രാജീവ് സഹാരിയ അറിയിച്ചു. വിപുലമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമാണു ‘ക്യാപ്റ്റൻ’ ശ്രേണി വിൽപ്പനയ്ക്കെത്തുന്നത്. ഈ വിഭാഗത്തിൽ മുമ്പു കണ്ടിട്ടില്ലാത്ത വൈവിധ്യവും ഈ ശ്രേണിയുടെ സവിശേഷതയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.