വീടു വിറ്റ്, ജോലി രാജിവച്ച്, അതുലിന്റെ ലോക സഞ്ചാരം

തൃശൂർ ∙ ബൈക്കിൽ നാടു ചുറ്റാൻ വേണ്ടി അതുൽ ഇന്നലെ ബെംഗളൂരുവിലെ വീടു വിറ്റു. ജോലി രാജിവച്ചു. 40 രാജ്യങ്ങളും അഞ്ചു വൻകരകളും വിളിച്ചപ്പോൾ അതുലിനു പിടിച്ചു നിൽക്കാനായില്ല. 15 വർഷത്തോളം സമ്പാദിച്ചതെല്ലാം ഈ യാത്രയ്‌ക്കു വേണ്ടി സമർപ്പിക്കുന്നു.

അതുൽ രാമ വാരിയർ (37) എന്ന തൃശൂരുകാരൻ ബൈക്കിൽ ലോകയാത്ര തുടങ്ങുകയാണ്. രണ്ടര വർഷം നീളുന്ന യാത്ര. ഇടയ്‌ക്ക് ഒന്നര മാസത്തെ ഇടവേള ഒഴിച്ചാൽ മിക്ക ദിവസവും യാത്രയാണ്. കാടുകൾ, മലകൾ, പുഴകൾ, മണലാരണ്യങ്ങൾ അങ്ങനെ വിശാലമായ ഭൂമികകളിലൂടെ അതുൽ തനിയെ യാത്ര ചെയ്‌തുകൊണ്ടേയിരിക്കും. ബെംഗളൂരുവിൽ ബൈക്കോടിച്ചു നടക്കുമ്പോഴാണ് അതുലിനെ ആദ്യം ഹിമാലയം വിളിച്ചത്. കൂട്ടുകാരോടൊപ്പമായിരുന്നു ആദ്യ യാത്ര. ഓരോ തവണ പോകുമ്പോഴും കൂടുതൽ കൂടുതൽ ദൂരെക്കു വിളിച്ചുകൊണ്ടുപോയി. അവസാനം ചോദിച്ചു, അതിരും കടന്നു പൊയ്‌ക്കൂടെ എന്ന്. അങ്ങനെയാണ് ഏഴു വർഷം മുൻപു ലോക യാത്രയെക്കുറിച്ചാലോചിച്ചത്.

അസ്വസ്‌ഥ പ്രദേശങ്ങളിൽ പോകാൻ അനുമതിയുണ്ടാകില്ല. അമേരിക്കയിലേക്കു തൽക്കാലം അനുമതി കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ചില പ്രദേശങ്ങൾ വിടേണ്ടിവരും. ചിലയിടങ്ങളിൽ ബൈക്കുമായി കപ്പലിൽ യാത്ര ചെയ്യേണ്ടിവരും. ചൈനയിലൂടെയുള്ള യാത്ര ഒഴിവാക്കിയതു ഇതൊന്നുകൊണ്ടുമല്ല. ചൈന കടന്നു പോകണമെങ്കിൽ 15 ലക്ഷത്തോളം രൂപ ഫീസു കൊടുക്കണം. കാരണം ഇങ്ങനെ യാത്ര ചെയ്യുന്നവരെ യാത്ര തീരുംവരെ ചൈനയുടെ പൊലീസ് അകമ്പടി സേവിക്കും. അതിനുള്ള ഫീസാണ് 15 ലക്ഷം. കന്യാകുമാരിയിൽ നിന്നു 30നു തുടങ്ങുന്ന യാത്രയുടെ ആദ്യ ഘട്ടം ചെന്നൈയിൽ തീരും. പിന്നീടു വിമാനത്തിൽ ബൈക്ക് തായ്‌ലൻഡിലെത്തിക്കും. 10 ദിവസത്തിനു ശേഷം തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തൊനീഷ്യ, ബാലി, ഓസ്‌ട്രേലിയ വഴി യാത്ര തുടരും. തുടർന്നു കപ്പൽ വഴി ഗൾഫിലെത്തി വീണ്ടും യാത്ര തുടങ്ങുകയായി.

ഇറാൻ, തുർക്കി, റുമാനിയ വഴി യൂറോപ്പിലേക്ക്. പിന്നീട് ആഫ്രിക്കയിലേക്കും. 13 വർഷം പഴക്കമുള്ള എൻഫീൽഡ് തണ്ടർബോൾട്ട് ബൈക്കാണ് യാത്രയ്‌ക്കു വേണ്ടി ഒരുക്കിയത്. കുറച്ചു യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്‌തു. രണ്ടു മാസത്തോളം വർക്ക്‌ഷോപ്പിൽ പോയി ബൈക്കിന്റെ അറ്റകുറ്റപ്പണി പഠിച്ചു. എൻഫീൽഡ് കമ്പനി അവരുടെ എല്ലാ സർവീസ് കേന്ദ്രങ്ങളിലും അതുലിനെക്കുറിച്ചു വിവരം കൊടുത്തിട്ടുണ്ട്. അവിടെയെല്ലാം സേവനം കാത്തിരിക്കുന്നു.

ബെംഗളൂരുവിൽ തെരുവുകുട്ടികളെ പഠിപ്പിക്കുന്ന മേഡ് എന്ന സംഘടനയെക്കുറിച്ചു ലോകത്തോടു പറയുകയാണു യാത്രയുടെ സേവന ലക്ഷ്യം. അതുലും കൂടി ചേർന്നു തുടങ്ങിയ സംഘടനയാണത്. യാത്ര ആസൂത്രണം ചെയ്‌തപ്പോഴാണു പല പുലിവാലും അതുൽ അറിയുന്നത്. ഇന്ത്യയിൽ നിന്ന് ഒരു വാഹനം പരമാവധി ഒരു വർഷത്തേക്കു മാത്രമെ പുറത്തു കൊണ്ടുപോകാൻ അനുമതി നൽകൂ. അതു കഴിഞ്ഞാൽ തിരിച്ചുകൊണ്ടുവന്നു വീണ്ടും അനുമതി വാങ്ങണം. അപൂർവ സാഹചര്യത്തിൽ മാത്രം ആറു മാസത്തേക്കുകൂടി അനുമതി കിട്ടും. ഒരു വർഷം യാത്ര പൂർത്തിയാകുമ്പോൾ ബൈക്ക് വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു തിരിച്ചുകൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് അതുൽ.

എന്തിനാണീ വീടുവരെ വിറ്റ യാത്ര?

അതുൽ പറയുന്നു: ‘‘യൗവനത്തിൽ സ്വയം കണ്ടെത്തണം. പണം സമ്പാദിച്ചു വയസ്സു കാലത്തു സുഖമായി ജീവിക്കാമെന്നു കരുതി ജീവിക്കരുത്. വയസ്സു കാലത്തു കൂടെയുണ്ടാകുക ഓർമകളാണ്. പരിമിതമായ ജീവിത സൗകര്യത്തിൽ ജീവിക്കാൻ തീരുമാനിച്ചാൽ യാത്രകൾക്ക് ആവശ്യത്തോളം പണമുണ്ടാക്കാനാകും. പ്രായമാകുമ്പോഴേക്കും നമുക്കു യാത്രകളിലൂടെ പണത്തേക്കാൾ വിലകൂടിയ ഓർമകൾ സമ്പാദിക്കാം.’’