ഇന്ത്യയിൽ എൻജിൻ നിർമിക്കാനൊരുങ്ങി ഔഡി

Audi Engine Assembly In India

ആഡംബര കാർ വിഭാഗത്തിൽ ഇന്ത്യൻ വിപണിയിലെ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് എൻജിനുകളും പ്രാദേശികമായി നിർമിക്കാൻ ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ഔഡി തയാറെടുക്കുന്നു. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൂടി കൈവന്നതോടെ ഇന്ത്യൻ വിപണി നല്ല രീതിയിൽ വികസിക്കുന്നുണ്ടെന്ന് ഔഡി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റൂപെർ സ്റ്റാഡെർ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആഡംബര വിഭാഗത്തിലെ വാർഷിക വിൽപ്പന 30,000 — 50,000 യൂണിറ്റോളം ഉയർന്നേക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇന്ത്യയിൽ എൻജിൻ നിർമാണം പോലുള്ള മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നത്.

ഫോക്സ്​വാഗൻ ഗ്രൂപ്പിൽ ഔഡി മാത്രമല്ല സ്കോഡയും ഫോക്സ്​വാഗനുമൊക്കെ ഇന്ത്യയിലെ സാന്നിധ്യം മെച്ചപ്പെടുത്താൻ ഒരുങ്ങുന്നുണ്ട്. പ്രാദേശികമായി സമാഹരിച്ച യന്ത്രഭാഗങ്ങളുടെ വിഹിതത്തിൽ ഗണ്യമായ വർധനയാണു ഫോക്സ്​വാഗൻ ഗ്രൂപ്പിന്റെ പ്രധാന പരിഗണന. പോരെങ്കിൽ ഇന്ത്യയിൽ പൂർണതോതിലുള്ള വികസന കേന്ദ്രം സ്ഥാപിക്കുന്നതും കമ്പനിയുടെ പരിഗണനയിലുണ്ടെന്നു ഫോക്സ്​വാഗൻ ഡവലപ്മെന്റ് വിഭാഗം മേധാവി ഹെയ്ൻസ് ജേക്കബ് നൂസർ വെളിപ്പെടുത്തുന്നു. ഏതെങ്കിലും കാർ നിർമാണശാലയ്ക്കു സമീപത്തായി ഈ കേന്ദ്രം സ്ഥാപിക്കാനാണു നിലവിലെ ആലോചന; ഇതുവഴി പ്രൊഡക്ഷൻ പ്ലാനിങ് മേഖലയുമായും കേന്ദ്രത്തിനു സഹകരിച്ചു പ്രവർത്തിക്കാനാവുമെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഇന്ത്യയിലുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം രാജ്യാന്തര മോഡലുകളിൽ പ്രാദേശികമായി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുന്നതിൽ ഒതുങ്ങുകയാണ്. ഇന്ത്യയ്ക്കായി വികസിപ്പിച്ച കോംപാക്ട് സെഡാൻ മിക്കവാറും ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സെഡാനായ ‘റാപിഡി’ന്റെ പരിഷ്കരിച്ച പതിപ്പിൽ സ്കോഡ ഇന്ത്യയും നിർണായക ഇടപെടൽ നടത്തുന്നുണ്ടെന്നാണു സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സ്കോഡ ഇന്ത്യ മേധാവി സുധീർ റാവു തയാറായിട്ടില്ല. ‘റാപിഡി’ന്റെ നവീകരണനടപടികൾ തൃപ്തികരമായി പുരോഗമിക്കുന്നുണ്ടെന്നു മാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം അടുത്ത വർഷം രണ്ടോ മൂന്നോ പുതിയ കാറുകൾ സ്കോഡ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും റാവു വെളിപ്പെടുത്തി.