എല്ലാ മോഡലും ബി എസ് നാല് കൈവരിച്ചെന്നു ബജാജ്

Bajaj V

ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മോട്ടോർ സൈക്കിളുകളും ത്രിചക്ര വാഹനങ്ങളും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിരവാരം കൈവരിച്ചു. ആഭ്യന്തര വിൽപ്പനയ്ക്കായി ഉൽപ്പാദിപ്പിക്കുന്ന മോട്ടോർ സൈക്കിളുകൾക്കും ത്രിചക്ര വാഹനങ്ങൾക്കും പുറമെ ക്വാഡ്രിസൈക്കിൾ ബ്രാൻഡും ബി എസ് നാല് നിലവാരത്തിലെത്തിയതായി ബജാജ് ഓട്ടോ അറിയിച്ചു.

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ ഇരുചക്രവാഹനങ്ങളും ഇക്കൊല്ലം ഏപ്രിൽ ഒന്നു മുതൽ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ സമയപരിധിയായ മാർച്ച് 31നു മുമ്പു തന്നെ കമ്പനിക്ക് ഈ നിലവാരം ഉറപ്പാക്കാനായെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (മോട്ടോർ സൈക്കിൾ) എറിക് വാസ് അറിയിച്ചു.

നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന് (ബി എസ് മൂന്ന്) നിലവാരമാണു രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്നത്. 2016 ഏപ്രിൽ ഒന്നു മുതൽ വിപണിയിലെത്തിയ പുതിയ മോഡലുകൾക്ക് പക്ഷേ ഭാരത് സ്റ്റേജ് നാല് നിലവാരം നിർബന്ധമാക്കിയിരുന്നു. ഒപ്പം നിലവിൽ വിൽപ്പനയിലുള്ള മോഡലുകൾക്ക് ഈ നിലവാരം കൈവരിക്കാൻ ഇക്കൊല്ലം മാർച്ച് 31 വരെ സമയവും അനുവദിച്ചു.