ബുള്ളറ്റിന് എതിരാളി എത്തുന്നു ബജാജിൽ നിന്ന്

ക്രൂയിസർ ബൈക്ക് സെഗ്‌മെന്റിൽ രാജാവായി മാറിയ ബുള്ളറ്റിന് മികച്ച എതിരാളിയുമായി ബജാജ് എത്തുന്നു. പൾസർ 400 പുറത്തിറങ്ങിയാൽ ഉടൻ തന്നെ പുതിയ ക്രൂയിസർ ബൈക്ക് കമ്പനി പുറത്തിറക്കുമെന്നാണ് അറിയുന്നത്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെടിഎം ഡ്യുക്ക് 390യുടെ എൻജിൻ ഉപയോഗിക്കുന്ന ക്രൂയിസർ ബൈക്ക് ബജാജ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവഞ്ചർ 150 സിസി, 220 സിസി വകഭേദങ്ങൾക്ക് ലഭിച്ച ജനപ്രീതിയാണ് ബൈക്കിന്റെ കരുത്തു കൂടിയ വകഭേദം പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ബുള്ളറ്റിനെ കൂടാതെ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്ന യുണേറ്റഡ് മോട്ടോഴ്സിന്റെ ക്രൂയിസർ ബൈക്കുകളോടും പുതിയ ക്രൂയിസർ മത്സരിക്കുമെന്ന് കമ്പനി പറയുന്നു. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ വർഷം അവസാനത്തോടെ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.