ഇന്ത്യൻ ബൈക്ക് വിപണിയിൽ 25% വിഹിതം മോഹിച്ചു ബജാജ്

Bajaj V

ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ 25% പങ്കാളിത്തം സ്വന്തമാക്കാൻ പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ലിമിറ്റഡ് 575 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. പുതിയ മോഡലുകളുടെ അവതരണത്തിനാവും ഈ തുകയിൽ സിംഹഭാഗവും ബജാജ് ഓട്ടോ ചെലവിടുക. മോട്ടോർ സൈക്കിൾ വിപണിയുടെ എൻട്രി ലവൽ, ടോപ് എൻഡ് വിഭാഗങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കമ്പനിയുടെ വിലയിരുത്തൽ. നിലവിൽ ഹീറോ മോട്ടോ കോർപിന് ആധിപത്യമുള്ള മിഡ് എക്സിക്യൂട്ടീവ് വിഭാഗത്തെ പ്രകടനം മെച്ചപ്പെടുത്താനാണു ബജാജ് ഓട്ടോയുടെ തയാറെടുപ്പ്. നടപ്പു സാമ്പത്തിക വർഷത്തെ മൂലധന ചെലവായി 575 കോടി രൂപയാണു കണക്കാക്കുന്നതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ് (ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ വെളിപ്പെടുത്തി. പുതിയ മോഡൽ അവതരണങ്ങൾക്ക് ആവശ്യമായ ടൂളിങ്ങിനും മറ്റുമാണ് ഈ തുകയിൽ ഗണ്യമായ വിഹിതം ചെലവഴിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

അടുത്ത പാദത്തിൽ എൻട്രി ലവൽ മോഡലായ ‘പ്ലാറ്റിന’യുടെ പരിഷ്കരിച്ച പതിപ്പും ടോപ് എൻജ് വിഭാഗത്തിൽപെടുന്ന പുത്തൻ ‘പൾസറും’ അവതരിപ്പിക്കുമെന്നും രവികുമാർ അറിയിച്ചു. അതേസമയം ഇക്കൊല്ലം പ്രതീക്ഷിക്കാവുന്ന മറ്റു മോഡലുകളുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. എങ്കിലും ഇടത്തരം വിഭാഗത്തിലാവും കമ്പനി സാന്നിധ്യം ശക്തമാക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ മൊത്തം മോട്ടോർ സൈക്കിൾ വിൽപ്പനയുടെ 40% സംഭാവന ചെയ്യുന്നത് എൻട്രി ലവൽ — ടോപ് എൻഡ് വിഭാഗങ്ങളാണ്; ഈ വിഭാഗത്തിൽ കമ്പനിക്ക് 40 ശതമാനത്തോളം വിഹിതവുമുണ്ട്. എന്നാൽ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ ഇടത്തരം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഇടത്തരം വിഭാഗത്തിൽ പോരാട്ടം ശക്തമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു; നിലവിൽ ‘വി 15’, ‘ഡിസ്കവർ’ എന്നിവയിലൂടെയാണ് ബജാജ് ഓട്ടോയ്ക്ക് ഈ വിപണിയിൽ സാന്നിധ്യം. എന്നാൽ പ്രകടനം ശക്തമാക്കാൻ ഈ വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നാണു രവികുമാർ നൽകുന്ന സൂചന.
കഴിഞ്ഞ സാമ്പത്തിക വർഷം 1,07,00,466 മോട്ടോർ സൈക്കിളുകളാണ് ഇന്ത്യയിൽ വിറ്റത്; 2014 — 15ലെ മൊത്തം വിൽപ്പനയായ 1,07,26,013 യൂണിറ്റിനേക്കാൾ 0.24% കുറവാണിത്.

ആഭ്യന്തര മോട്ടോർ സൈക്കിൾ വിപണിയിൽ 20% വിഹിതമാണ് ബജാജ് ഓട്ടോ അവകാശപ്പെടുന്നത്; ഡിസംബർ — ജനുവരി കാലത്ത് വിഹിതം 15% ആയിരുന്ന സ്ഥാനത്താണിത്. സാഹചര്യം പ്രതികൂലമാണെങ്കിലും പുതിയ മോഡലുകൾക്ക് സ്വീകാര്യത ലഭിച്ചെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് രവികുമാർ വിശദീകരിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വിപണി വിഹിതം 24 — 25% ആയി ഉയർത്താനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇരുചക്ര, ത്രിചക്ര വിഭാഗങ്ങളിൽ നിന്നായി 2016 — 17ൽ 46 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത്. 2015 — 16ൽ 39 ലക്ഷം യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. 2016 — 17ൽ ആഭ്യന്തര വിപണിയിൽ 30 ലക്ഷം ഇരുചക്ര വാഹനങ്ങളും വിദേശത്ത് 16 ലക്ഷം യൂണിറ്റും വിൽക്കാനാണു പദ്ധതിയെന്നും രവി കുമാർ അറിയിച്ചു. 2015 — 16ൽ ബജാജ് ഓട്ടോ 14.6 ലക്ഷം ഇരുചക്രവാഹനങ്ങളും 2.8 ലക്ഷം ത്രിചക്ര വാഹനങ്ങളും കറയറ്റുമതി ചെയ്തിരുന്നു.