പൾസർ 400 അല്ല, ക്രാറ്റോസ് വിഎസ് 400

ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഉടൻ പുറത്തിറക്കുന്ന പ്രീമിയം ബൈക്കിന്റെ പേര് ക്രാറ്റോസ് വിഎസ് 400. നേരത്തെ പൾസർ 400 എന്നാണു പേരു നൽകാൻ നിശ്ചയിച്ചിരുന്നതെങ്കിലും ഗ്രീക്ക് യുദ്ധദേവനായ ക്രാറ്റോസിന്റെ പേരിലായിരിക്കും ഇനി ബൈക്ക് അറിയപ്പെടുക. അടുത്ത മാസം ക്രാറ്റോസ് വിഎസ് 400 വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

പുതിയ ബ്രാൻഡ് നാമത്തിൽ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്രാറ്റോസ് എന്ന പേരുമാറ്റം എന്നാണ് സൂചന. 2014 ൽ ഡൽഹിയിൽ നടന്ന 12-ാമത് ഓട്ടോ എക്സ്പോയിൽ വെച്ചാണു കമ്പനി ബൈക്കിന്റെ കൺസെപ്റ്റ് മോ‍‍ഡൽ പുറത്തിറക്കിയത്. ബജാജിന്റെ ഓസ്ട്രിയൻ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയവയിൽ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണ് പൾസർ 400 ഉപയോഗിക്കുന്നത്. ബാജാജിന്റെ ട്രിപ്പിൾ സ്പാർക്ക് ടെക്നോളജി ഉപയോഗിക്കുന്ന സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 35 ബിഎച്ച്പി കരുത്തുണ്ടാകും. ഈ ബൈക്കിന്റെ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണുള്ളത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും ക്രേറ്റോസ് 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാൾ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. മഹീന്ദ്ര മോജോ, റോയൽ എൻഫീൽഡ് ബൈക്കുകൾ എന്നിവയോടായിരിക്കും ക്രാറ്റോസ് 400 ഏറ്റുമുട്ടുക.