പുതിയ ഡിസ്കവറെത്തുന്നു

പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ‘ഡിസ്കവർ’ ശ്രേണി പരിഷ്കരിക്കുന്നെന്നു സൂചന. ‘ഡിസ്കവർ 100’, ‘ഡിസ്കവർ 100 എം’, ‘ഡിസ്കവർ 125 എം’ എന്നിവ കമ്പനി വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയത് ഇവയുടെ ഉൽപ്പാദനം തന്നെ നിർത്തിയതിനാലാണെന്നാണു വിലയിരുത്തൽ. ഇതോടെ ‘ഡിസ്കവർ’ ശ്രേണിയിൽ നിലവിൽ മൂന്നു മോഡലുകൾ മാത്രമാണു വിൽപ്പനയ്ക്കുള്ളത്: ‘ഡിസ്കവർ 125’, ‘ഡിസ്കവർ 150 എസ്’, ‘ഡിസ്കവർ 125 എഫ്’. ‘ഡിസ്കവർ 100’, ‘ഡിസ്കവർ 100 എം’ എന്നിവ ഒഴിവായാലും ബജാജ് ഓട്ടോയ്ക്ക് 100 സി സി വിഭാഗത്തിൽ പ്രാതിനിധ്യം ഇല്ലാതാവുന്നില്ല: ‘പ്ലാറ്റിന’, ‘സി ടി 100’ എന്നിവയാകും കമ്യൂട്ടർ വിഭാഗത്തിൽ കമ്പനിക്കായി പട നയിക്കുക.

ഉയർന്ന ഇന്ധനക്ഷമതയും മികച്ച യാത്രാസുഖവും വാഗ്ദാനം ചെയ്താണു ബജാജ് ഓട്ടോ ‘ഡിസ്കവർ 100’, ‘ഡിസ്കവർ 100 എം’ എന്നിവ പുറത്തിറക്കിയത്. വ്യത്യസ്ത ട്യൂണിങ്ങോടെ 94.3 സി സി , നാലു വാൽവ് ഡി ടി എസ് ഐ എൻജിനായിരുന്നു ഇരു ബൈക്കുകൾക്കും കരുത്തേകിയിരുന്നത്. ഉയർന്ന ഇന്ധനക്ഷമതയ്ക്കായി ‘ഡിസ്കവർ 100’ മോഡലിൽ ഈ എൻജിൻ പരമാവധി 7.7 പി എസ് കരുത്താണു സൃഷ്ടിച്ചിരുന്നത്. എന്നാൽ ‘100 എമ്മി’ൽ ഈ എൻജിന് 9.3 പി എസ് വരെ കരുത്ത് സൃഷ്ടിച്ചിരുന്നു. യാത്രാസുഖം മെച്ചപ്പെടുത്താനായി ‘ഡിസ്കവർ 100 എമ്മി’ൽ സാധാരണ 100 സി സി ബൈക്കുകളെ അപേക്ഷിച്ചു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ബജാജ് ലഭ്യമാക്കിയിരുന്നു. പേശീബലം തുളുമ്പുന്ന ഇന്ധന ടാങ്ക്, പ്രീമിയം അലൂമിനിയം സൈഡ് സെറ്റ്, 10 സ്പോക്ക് അലോയ് എന്നിവയൊക്കെ ബൈക്കിലുണ്ടായിരുന്നു. പിൻവലിക്കപ്പെടുന്ന ‘ഡിസ്കവർ 125’ ബൈക്കിനു കരുത്തു പകർന്നിരുന്നത് 124.66 സി സി, നാലു വാൽവ്, ഡി ടി എസ് ഐ എൻജിനാണ്. ഇന്ധന ജ്വലനം കൂടുതൽ കാര്യക്ഷമമാക്കി ഉയർന്ന് ഇന്ധനക്ഷമയതാണ് ബജാജ് ഈ ബൈക്കിനു വാദ്ഗാനം ചെയ്തിരുന്നത്.

‘ഡിസ്കവർ’ ശ്രേണിയിൽ ബജാജ് നടപ്പാക്കിയ പരിഷ്കാരങ്ങൾ 100 — 150 സി സി വിഭാഗത്തിൽ പുതിയ ബ്രാൻഡ് അവതരണത്തിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹവും ശക്തമാണ്. അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ ഈ പുതിയ ബൈക്കുകളോ പുത്തൻ ബ്രാൻഡോ പ്രതീക്ഷിക്കാമെന്നാണു സൂചന.