‘പൾസർ ആർ എസ് 200’ നിർമാണം ഇരട്ടിയാക്കാൻ ബജാജ്

വിപണി മികച്ച വരവേൽപ് നൽകിയ സാഹചര്യത്തിൽ സ്പോർട്സ് ബൈക്കായ ‘പൾസർ ആർ എസ് 200’ ഉൽപ്പാദനം ഇരട്ടിയാക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. രണ്ടു മാസത്തിനകം ബൈക്കിന്റെ പ്രതിമാസ ഉൽപ്പാദനം 4,000 യൂണിറ്റായി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. ഡൽഹി ഷോറൂമിൽ 1.18 — 1.30 ലക്ഷം രൂപ വിലനിലവാരത്തോടെ മാർച്ചിൽ നിരത്തിലെത്തിയ ബൈക്കിന്റെ പ്രതിമാസ വിൽപ്പന ശരാശരി 1,700 യൂണിറ്റാണ്.

‘പൾസർ ആർ എസ് 200’ ബൈക്കിനു വിപണിയിൽ മികച്ച വരവേൽപ്പാണു ലഭിച്ചതെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ്(മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് വെളിപ്പെടുത്തി. നിലവിൽ രാജ്യത്തെ 56 നഗരങ്ങളിലാണ ബൈക്ക് വിൽപ്പനയ്ക്കുള്ളത്. ഉൽപ്പാദനത്തിലെ പരിമിതി മൂലം ബൈക്കിന്റെ വിപണനം വ്യാപിപ്പിക്കാനാവാത്തെ സ്ഥിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ചക്കൻ ശാലയുടെ ഉൽപ്പാദന ശേഷി ഉയർത്തി ‘പൾസർ ആർ എസ് 200’ ലഭ്യത മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നത്. ഉൽപ്പാദനം ക്രമമായി ഉയർത്തി ഓഗസ്റ്റോടെ മാസം തോറും 4,000 ‘പൾസർ ആർ എസ് 200’ വിൽപ്പനയ്ക്കെത്തിക്കാനാണു തീരുമാനമെന്നു വാസ് വിശദീകരിച്ചു.

‘ആർ എസ് 200’ ബൈക്കിനൊപ്പം സഹോദര സ്ഥാപനമായ കെ ടി എമ്മിൽ നിന്നുള്ള മോഡലുകൾ കൂടിയാവുന്നതോടെ ഒന്നു മുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള സൂപ്പർ സ്പോർട്സ് വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ കഴിയുമെന്നാണു വാസിന്റെ വിലയിരുത്തൽ. 2012 — 13ൽ ഈ വിഭാഗത്തിൽ പ്രതിമാസം 614 യൂണിറ്റ് വിറ്റിരുന്ന ബജാജ് ഓട്ടോ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ വിൽപ്പന 4,034 എണ്ണമാക്കിയിരുന്നു.

കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ഈ വിഭാഗത്തിൽ ബജാജിന്റെ വിപണി വിഹിതം 56% ആണെന്നും വാസ് അവകാശപ്പെടുന്നു. 2012 — 13ൽ കമ്പനിയുടെ വിഹിതം വെറും 13% ആയിരുന്നു. നിലവിൽ ഈ വിഭാഗത്തിൽ മാസം തോറും 7,150 ബൈക്കുകൾ വിൽക്കുന്നത് ഇരട്ടിയായി വളർത്താനാണു ബജാജിന്റെ ശ്രമമെന്നും വാസ് വ്യക്തമാക്കി. ഹോണ്ട ‘സി ബി ആർ 150’, ‘സി ബി ആർ 250’, യമഹ ‘ആർ വൺ ഫൈവ്’ എന്നിവയാണ് ഈ വിഭാഗത്തിൽ ബജാജിന്റെയും കെ ടി എമ്മിന്റെയും പ്രധാന എതിരാളികൾ.

ഗ്രാമീണ സമ്പദ്വ്യവസ്ഥ മാന്ദ്യം അഭിമുഖീകരിക്കുന്നതു രാജ്യത്തെ ഇരുചക്രവാഹന വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുമ്പോഴും മുന്തിയ ബൈക്കുകളുടെ വിഭാഗത്തിൽ സാഹചര്യം അനുകൂലമാണെന്നും വാസ് വിശദീകരിച്ചു.