ബാഹുബലി താരത്തിന് കപ്പൽ ഉരുക്കിയ ബൈക്ക്

ബജാജ് ‘വി’യോടൊപ്പം റാണ ദഗ്ഗുബറ്റി

ഇന്ത്യൻ നേവിയുടെ പ്രഥമ എയർക്രാഫ്റ്റ് കാരിയർ ഐഎൻഎസ് വിക്രാന്തിന്റെ ലോഹത്തകിട് ഉപയോഗിച്ചു നിർമിച്ച ബജാജ് വി സ്വന്തമാക്കി തെന്നിന്ത്യൻ സൂപ്പർ താരം റാണ ദഗ്ഗുബറ്റി. ബാഹുബലി എന്ന ചിത്രത്തിലൂടെ സൂപ്പർ താരമായി മാറിയ റാണയുടെ പുതിയ ചിത്രം ഇന്ത്യൻ നേവിയുടെ ഭാഗമായിരുന്ന മുങ്ങിക്കപ്പലിനെപ്പറ്റിയാണ്. ഇന്തോ-പാക് യുദ്ധത്തിൽ ഐഎൻഎസ് വിക്രാന്തിനോട് ചേർന്ന് പാക്കിസ്ഥാൻ മുങ്ങിക്കപ്പലായ പിഎസ്എൻ ഗാസിയെ തകർത്ത കഥയാണ് ചിത്രം പറയുന്നത്.

ബജാജ് ‘വി’യോടൊപ്പം റാണ ദഗ്ഗുബറ്റി

നേരത്തെ ബോളിവു‍ഡ് താരം ആമിര്‍ ഖാനും ബജാജ് വി സ്വന്തമാക്കിയിരുന്നു. എൻഎസ് വിക്രാന്തിന്റെ ലോഹം ഉപയോഗിച്ച് നിർമിച്ച ബൈക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ നിർമാണത്തിലാണു ബജാജ് ഓട്ടോ കപ്പലിൽ നിന്നു ലഭിച്ച ഉരുക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ എന്നാണ് ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നു ലഭിച്ച ഉരുക്കിൽ പിറന്ന ‘വി’യെ ബജാജ് ഓട്ടോ പരിചയപ്പെടുത്തുന്നത്.

ബജാജ് ‘വി’യോടൊപ്പം ആമിര്‍ ഖാന്‍

ബൈക്കിലെ പുതിയ 149.5 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിന് 7500 ആർ പി എമ്മിൽ പരമാവധി 11.76 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ച് സ്പീഡാണ് ഗിയർ ബോക്സ്. മുന്നിൽ ടെലിസ്കോപിക് ഫോർക്സും പിന്നിൽ ഇരട്ട നൈട്രോക്സ് ഷോക് അബ്സോർബറും ആണുള്ളത്. മുൻവശത്തു ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിരിക്കുന്നു. 18 ഇഞ്ച് അലോയ് റിം മുന്നിലും 16 ഇഞ്ച് അലോയ് റിം പുറകിലും നൽകിയിരിക്കുന്നു. ഇരട്ട സ്പോക്ക്. ഇന്ധനടാങ്ക് കപ്പാസിറ്റി 13 ലിറ്റർ. അലുമിനിയം ഹൈലൈറ്റോടു കൂടിയ ഗ്രാഫിക്സ് ബോഡിക്ക് പൗരുഷമേകുന്നു.