‘ബീറ്റ് എസൻഷ്യ’യുമായി ജി എം; അരങ്ങേറ്റം 2017ൽ

Representative Image

എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ട് ഇന്ത്യൻ വിപണിക്കായി നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് സെഡാൻ അവതരിപ്പിക്കാൻ യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സ്(ജി എം) ഒരുങ്ങുന്നു. ‘ബീറ്റ് എസൻഷ്യ’ എന്നു പേരിട്ട കാർ അടുത്ത മൂന്നിന് ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിലാവും ജനറൽ മോട്ടോഴ്സ് അനാവരണം ചെയ്യുക. പുതിയ കാറിന്റെ വികസനം 2013ൽ തന്നെ ജനറൽ മോട്ടോഴ്സ് ഇന്ത്യ ആരംഭിച്ചിരുന്നു. ആദ്യ മാതൃക ഇപ്പോൾ അവതരിപ്പിക്കുമെങ്കിലും 2017 ജൂണോടെ മാത്രമാവും ‘ബീറ്റ് എസൻഷ്യ’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുക. ഇതിനു തൊട്ടു മുമ്പ് 2017 ഏപ്രിലിൽ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘സ്പിൻ’ ഇന്ത്യയിൽ അവതരിപ്പിക്കാനും ജി എമ്മിനു പദ്ധതിയുണ്ട്.

വാഹന രൂപകൽപ്പനയിൽ കമ്പനി സ്വീകരിക്കുന്ന പുത്തൻ ഭാഷയും ഓട്ടോ എക്സ്പോയിൽ ജി എം അവതരിപ്പിക്കുമെന്നാണു സൂചന. കൂടാതെ ‘ബീറ്റി’ന്റെ ക്രോസോവർ രൂപാന്തരത്തെയും ജി എം പവിലിയനിൽ പ്രതീക്ഷിക്കാം. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ബീറ്റ് എസൻഷ്യ’ വിൽപ്പനയ്ക്കെത്തിക്കാനാണു ജി എമ്മിന്റെ നീക്കം. ഡീസൽ വിഭാഗത്തിൽ ഒരു ലീറ്റർ എൻജിനും പെട്രോളിൽ 1.2 ലീറ്റർ എൻജിനുമാവും ‘എസൻഷ്യ’യ്ക്കു കരുത്തേകുക; നിലവിൽ ഹാച്ച്ബാക്കായ ‘ബീറ്റി’നു കരുത്തേകുന്നതും ഇതേ എൻജിനുകൾ തന്നെ.

ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന സാധ്യതയുള്ള കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടേയ് ‘എക്സന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ തുടങ്ങിയവയാണ് നിലവിൽ അരങ്ങുവാഴുന്നത്. ഇവയ്ക്കു പുറമെ ഇന്ത്യയ്ക്കായി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ സാക്ഷാത്കരിച്ച കോംപാക്ട് സെഡാനായ ‘അമിയൊ’യും ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുണ്ട്.