ഈ വർഷത്തെ ഏറ്റവും മികച്ച ഡ്രിഫ്റ്റിങ്

ഡ്രിഫ്റ്റിങ് എന്ന മോട്ടോർ സ്പോർട്ട്സിന്റെ ഉത്ഭവം ജപ്പാനിൽ നിന്നാണെന്നു പറയപ്പെടുന്നു. വീണ്ടും ജപ്പാനും ഡ്രിഫ്റ്റിങ്ങും വാർത്തകളിൽ നിറയുകയാണ്. ഇക്കുറി ജപ്പാനിൽ ചിത്രീകരിച്ചൊരു ഡ്രിഫ്റ്റിങ് വിഡിയോയാണ് സംസാരവിഷയമായിരിക്കുന്നത്. യൂട്യൂബിലെ തരംഗമായ ഈ ഡ്രിഫ്റ്റിങ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ഡ്രിഫ്റ്റർമാരായ വോഗൺ ഗിറ്റിൻ ജൂനിയർ, ഡൈഗോ സയിറ്റോ എന്നിവരാണ്.

ഗിറ്റിൻ ജൂനിയർ ഫോഡ് 650 ബിഎച്പി കരുത്തുള്ള മസ്താങ് ആർടിആറിലും സയിറ്റോ 550 ബിഎച്പി കരുത്തുള്ള ലംബോർഗിനി മേഴ്സിലാഗോയിലുമാണ് പ്രകടനം നടത്തുന്നത്. ഇത്രയും കരുത്തുള്ള ഇവർ തമ്മിൽ മൽസരിക്കുമ്പോൾ മൽസരം പൊടിപാറുമെന്ന് പറയേണ്ടല്ലോ?

ജപ്പാനിലെ വിജനമായ തെരുവായിരുന്നു ഡ്രിഫ്റ്റിങ്ങിനായി തിരഞ്ഞെടുത്തത്. വിജനമായ തെരുവിലൂടെയും ദുർഘടമായ കുന്നുകളിലൂടെയുമെല്ലാം ഇവർ നടത്തുന്ന ഡ്രിഫ്റ്റിങ് വാഹനപ്രേമികളുടെ മനം കവരുകയാണ്. മോൺസ്റ്റർ എനർജിൻ പുറത്തുവിട്ട വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 15നു യൂട്യൂബിൽ റിലീസു ചെയ്ത വിഡിയോ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 28 ലക്ഷം ആളുകളാണ് കണ്ടത്.