നവീകരിച്ച ‘2015 ബി എം ഡബ്ല്യു 118 ഡി’ എത്തി

ശബ്ദകോലാഹലങ്ങളേതുമില്ലാതെ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു നവീകരിച്ച ‘വൺ സീരീസ്’ ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. കാര്യമായ വിൽപ്പന കൈവരിക്കാതെ പോയ ‘118 ഡി’ക്കു പകരമാണ് ‘2015 ബി എം ഡബ്ല്യു 118 ഡി’യുടെ വരവ്. നേരത്തെ ഡീസൽ, പെട്രോൾ എൻജിനുകളോടെ വിവിധ വകഭേദങ്ങളിൽ ‘വൺ സീരീസ്’ ലഭ്യമായിരുന്നെങ്കിൽ നവീകരിച്ച ‘118 ഡി’ ഒറ്റ വകഭേദത്തിലും ഒറ്റ ഡീസൽ എൻജിനോടെയുമാണു വിൽപ്പനയ്ക്കുള്ളത്. ‘118 ഡി സ്പോർട്ലൈൻ’ വകഭേദത്തിൽ മാത്രം ലഭിക്കുന്ന കാറിനു 29.90 ലക്ഷം രൂപയാണു താണെയിലെ ഷോറൂം വില.

മുൻമോഡലിനെ അപേക്ഷിച്ചു കൂടുതൽ നീളവും ഉയരവും നവീകരിച്ച ‘118 ഡി’ക്കുണ്ട്; 4,329 എം എമ്മാണു നീളം. വീതി 1,765 എം എമ്മും ഉയരം 1,440 എം എമ്മുമാണ്. മുൻ — പിൻ ഭാഗങ്ങൾ സമഗ്രമായി പൊളിച്ചുപണിഞ്ഞ ബി എം ഡബ്ല്യു മുന്നിൽ പരമ്പരാഗതമായ, വീതിയേറിയ ഹെഡ് ലാംപും എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപും ഘടിപ്പിച്ചു. വലിപ്പമുള്ള, കിഡ്നി ആകൃതിയുള്ള ഗ്രില്ലും വന്നു. പിന്നിലാവട്ടെ വീതിയേറിയ, പൂർണമായും എൽ ഇ ഡിയിലുള്ള ടെയിൽ ലാംപ് ഘടിപ്പിച്ചു. ആക്രമണോത്സുക സ്റ്റൈലിങ്ങിനായി സ്പോർട്ടി ബംപറുകളും രംഗപ്രവേശം ചെയ്തു. മുൻ ‘വൺ സീരീസി’ലെ ഡീസൽ എൻജിനു പുതിയ കാറിലെത്തുമ്പോൾ കരുത്തേറുന്നുണ്ട്; 1,995 സി സി ടർബോ ചാർജ്ഡ് എൻജിൻ പരമാവധി 148 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക. റിയർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാൻസ്മിഷൻ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്.

പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പിയാനൊ ബ്ലാക്ക് നിറത്തിലുള്ള സെന്റർ കൺസോൾ, റേഡിയോ — എയർ വെന്റുകളിൽ ക്രോം ഹൈലൈറ്റ്, ഡോർ ഹാൻഡിലിൽ മാറ്റ് സിൽവർ അക്സന്റ് തുടങ്ങിയവയാണ് അകത്തളത്തിലെ മാറ്റങ്ങൾ. സ്റ്റാൻഡേഡ് വ്യവസ്ഥയിൽ സിംഗിൾ സോൺ ക്ലൈമറ്റ് കൺട്രോളും ഓപ്ഷനലായി ഡ്യുവൽ സോൺ സംവിധാനവുമാണു കാറിലുള്ളത്.