പിന്നിലിടിച്ചുള്ള അപകടം കുറക്കാൻ ബിഎംഡബ്യുവിന്റെ ഡൈനാമിക്ക് ബ്രേക്ക് ലൈറ്റ്

ഇരുചക്രവാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണയാകാറുണ്ട് പിന്നിൽനിന്നുള്ള ഇടികൾ. ഹൈവേകളിൽ മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതെ സുരക്ഷിതമായി ബ്രേക്ക് പിടിച്ച് നിർത്തുമ്പോഴായിരിക്കും പിന്നിൽ നിന്നുള്ള ഇടികൾ വരുന്നത്. ബ്രേക്ക് ലൈറ്റ് കാണാത്തതായിരിക്കും ഇത്തരത്തിലുള്ള അപകടങ്ങളുടെ പ്രധാന കാരണം. അത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള ഡൈനാമിക്ക് ബ്രേക്ക് ലൈറ്റുമായി എത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ബ്രേക്ക് ലൈറ്റ് ഉപയോഗിച്ച് പിന്നിലൂടെ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് മുന്നറിപ്പ് നൽകുകയാണ് ഡൈനാമിക്ക് ബ്രേക്ക് ലൈറ്റിന്റെ പ്രത്യേകത. കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ടെക്‌നോളജി ബിഎംഡബ്ല്യു ബൈക്കുകളിൽ കൂടി എത്തിച്ചിരിക്കുകയാണ്. 

രണ്ട് സ്റ്റേജുകളിലായാണ് ഡൈനാമിക്ക് ബ്രേക്ക് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. ഒന്നാം ഘട്ടം വാഹനം അമ്പത് കിലോമീറ്റർ കൂടിയ വേഗതയിൽ ബ്രേക്ക് പിടിക്കുമ്പോൾ ആരംഭിക്കുന്നു. ബ്രേക്ക് ലൈറ്റ് സെക്കന്റിൽ അഞ്ച്പ്രാവശ്യം എന്ന നിലയിൽ അണയുകയും തെളിയുകയും ചെയ്യും. രണ്ടാമത്തെ ഘട്ടം ആരംഭിക്കുന്നത് വാഹനത്തിന്റെ വേഗത 14 കിമിയിൽ എത്തുമ്പോഴാണ്. 14 കിമിയിലെത്തിയാൽ പിന്നെ ഹസാഡ് ലൈറ്റും ബ്രേക്ക് ലൈറ്റും ഒരുമിച്ച് പ്രവർത്തിച്ച് വാഹനം ഉടൻ നിൽക്കുമെന്ന് പിന്നിലെ ഡ്രൈവർക്ക് മുന്നറിപ്പ് നൽകും. (വാഹനം 20 കിമി വേഗത കൈവരിക്കുന്നതുവരെ ബ്രേക്ക് ലൈറ്റും ഹസാഡ് ലൈറ്റും പ്രവർത്തിച്ചുക്കൊണ്ടിരിക്കും). 

ബിഎംഡബ്ല്യു മോട്ടറാഡിന്റെ സേഫ്റ്റി 360 പ്രിൻസിപ്പൽ പ്രകാരം വികസിപ്പിച്ച ബ്രേക്ക് ലൈറ്റാണ്, ഡൈനാമിക്ക് ബ്രേക്ക് ലൈറ്റ്. 2016 മുതൽ ബിഎംഡബ്ല്യു യൂറോപ്പിൽ പുറത്തിറക്കുന്ന മോഡലുകളിൽ ഡൈനാമിക്ക് ബ്രേക്ക് ലൈറ്റുകൾ  ലഭ്യമായിത്തുടങ്ങും.