ഇന്ത്യൻ ആഡംബര കാർ വിൽപ്പന ലക്ഷമെത്തുമെന്നു ബി എം ഡബ്ല്യു

സാമ്പത്തിക മേഖലയിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ച പ്രീമിയം കാറുകളുടെ വിൽപ്പനയിലും പ്രതിഫലിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. ആഗോളസമ്പദ്വ്യവസ്ഥകളിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയിലെ ജനങ്ങളുടെ വരുമാനം ഉയരുന്ന സാഹചര്യത്തിൽ 2020 ആകുമ്പോൾ രാജ്യത്തെ ആഡംബര കാർ വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തുമെന്നും ബി എം ഡബ്ല്യു കണക്കുകൂട്ടുന്നു. നിലവിൽ രാജ്യത്തെ മൊത്തം കാർ വിൽപ്പനയിൽ ഒന്നോ ഒന്നരയോ ശതമാനമാണ് 25 ലക്ഷം രൂപയിലേറെ വില മതിക്കുന്ന പ്രീമിയം വിഭാഗത്തിന്റെ സംഭാവന; 30,000 മുതൽ 35,000 യൂണിറ്റ് വരെയാണ് ഈ വിഭാഗത്തെ വാർഷിക വിൽപ്പന. എന്നാൽ അഞ്ചു വർഷത്തിനകം ആഡംബര കാർ വിൽപ്പന ഒരു ലക്ഷം യൂണിറ്റിലേറെയാവുമെന്നാണു ബി എം ഡബ്ല്യു ഇന്ത്യ വിപണന വിഭാഗം ഡയറക്ടർ ഫ്രാങ്ക് ഷ്ളോഡറുടെ പ്രതീക്ഷ.

നിർമാണ മേഖലയിലെ ഗണ്യമായ നിക്ഷേപത്തിന്റെ പിൻബലത്തിൽ മികച്ച വളർച്ചയാണു ബി എം ഡബ്ല്യു ഇന്ത്യൻ വിപണിയിൽ നേടുന്നത്. ചെന്നൈയിലെ നിർമാണശാലയ്ക്കു പുറമെ മുംബൈയിൽ വെയർഹൗസും ഗുഡ്ഗാവിൽ പരിശീലന കേന്ദ്രവും ബി എം ഡബ്ല്യു ഇന്ത്യയ്ക്കുണ്ട്. പാതിയോളം ഘടങ്ങൾ പ്രാദേശികമായി സമാഹരിച്ച് ‘മിനി കൺട്രിമാൻ’ അടക്കം ആകെ ഒൻപതു മോഡലുകളാണു ബി എം ഡബ്ല്യു ചെന്നൈയിൽ നിർമിച്ചു വിൽക്കുന്നത്. ബദൽ ഇന്ധന വിഭാഗത്തിലെ സാധ്യതകൾ പരിഗിച്ച് പ്ലഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറായ ‘ഐ എയ്റ്റ്’ ബി എം ഡബ്ല്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതുവർഷമെത്തുന്നതോടെ പുതിയ ‘സെവൻ സീരീസ്’, ചെറു എസ് യു വി എന്നിവയും ഇന്ത്യയിലെത്തിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ഇരു വാഹനങ്ങളും ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.