വൈദ്യുത കാർ വിൽപ്പന ഉയർത്താൻ ബി എം ഡബ്ല്യു

BMW i8

വൈദ്യുത കാർ വിൽപ്പന കുത്തനെ ഉയർത്താൻ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യുവിനു പദ്ധതി. ബാറ്ററിയിൽ ഓടുന്ന കൂടുതൽ മോഡലുകൾ അവതരിപ്പിക്കുന്നതോടെ മുൻവർഷത്തെ അപേക്ഷിച്ചു മൂന്നിൽ രണ്ടു വർധനയോടെ 2017ൽ ഒരു ലക്ഷം വൈദ്യുത കാറുകൾ വിൽക്കാനാവുമെന്നാണു പ്രതീക്ഷയെന്നു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരാൾഡ് ക്രൂഗർ വെളിപ്പെടുത്തി.

പൂർണമായും ബാറ്ററിയിൽ ഓടുന്നവയും സങ്കര ഇന്ധന സാങ്കേതിക വിദ്യയുടെ പിൻബലമുള്ളവയുമായി ഇക്കൊല്ലം 60,000 വാഹനങ്ങൾ വിൽക്കാനാവുമെന്നാണു മ്യൂനിച് ആസ്ഥാനമായ ബി എം ഡബ്ല്യു കണക്കുകൂട്ടുന്നത്. 2013 മുതൽ ഇതുവരെയുള്ള മൊത്തം വൈദ്യുത വാഹന വിൽപ്പന ഒരു ലക്ഷം യൂണിറ്റോളമെത്തുമെന്നും ക്രൂഗർ വെളിപ്പെടുത്തി. ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ കാലം വരിക തന്നെ ചെയ്യും. എന്നാൽ നിലവിൽ ഇത്തരം വാഹനങ്ങൾക്കുള്ള ആവശ്യക്കാർ പരിമിതമാണെന്നു ക്രൂഗർ വിശദീകരിച്ചു.

വിൽപ്പന മെച്ചപ്പെടുത്താനായി നഗരയാത്രകൾക്കായി വികസിപ്പിച്ച ചെറു വൈദ്യുത കാറായ ‘ഐ ത്രി’യുടെ സഞ്ചാര പരിധി ബി എം ഡബ്ല്യു ഇക്കൊല്ലം 50% വർധിപ്പിക്കുന്നുണ്ട്. പൂർണമായും ബാറ്ററിയിൽ ഓടുന്ന ‘ഐ ത്രി’യുടെ കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പന കാൽ ലക്ഷം യൂണിറ്റായിരുന്നു. ആഗോള കാർ വിൽപ്പനയിൽ ജർമൻ എതിരാളികളായ ഡെയ്മ്ലറിന്റെ ആഡംബര ബ്രാൻഡായ മെഴ്സീഡിസ് ബെൻസിന്റെ പിന്നിലായി പോയ ബി എം ഡബ്ല്യു വൈദ്യുത, സങ്കര ഇന്ധന മോഡലുകളിലൂടെ ശക്തമായ തിരിച്ചുവരവാണു ലക്ഷ്യമിടുന്നത്. 2025ലെ മൊത്തം കാർ വിൽപ്പനയിൽ 15 മുതൽ 25% വരെ ഇത്തരം മോഡലുകളുടെ സംഭാവനയാകുമെന്നും ബി എം ഡബ്ല്യു കരുതുന്നു.