ബി എംഡബ്ല്യു - യുഎന്‍എഒസി ഇന്റർകൾച്ചറൽ ഇന്നൊവേഷൻ അവാർഡ് ഫൈനലിൽ രണ്ടു ഇന്ത്യൻ ടീമുകൾ

ബി എം ഡബ്ല്യു ഗ്രൂപ്പും യുഎന്‍എഒസി യും സംയുക്തമായി നടത്തുന്ന ഇന്റർകൾച്ചറൽ ഇന്നൊവേഷൻ അവാർഡിന്റെ ഫൈനൽ മൽസരാർഥികളെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള രണ്ടു ടീമുകൾ അവസാനവട്ട പോരാട്ടത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. റെഡ് ഡോട്ട് ഫൗണ്ടേഷൻ - സെയ്ഫ്സിറ്റി, റൂട്ട്സ് 2 റൂട്ട്സ് (Routes 2 Roots)- എക്സ്ചേഞ്ച് ഫോർ ചെയ്ഞ്ച് എന്നീ പ്രൊജക്ടുകളാണു ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടിയ ഇന്ത്യൻ ടീമുകൾ. 120 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം അപേക്ഷകളാണു ലഭിച്ചത്. ഇവയിൽ നിന്നു ഏറ്റവും മികച്ച പത്തു സംരംഭങ്ങളാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചത്. ഇവർ അഞ്ചു ഭൂഖഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നു.

ബ്ലെസിങ് ബാസ്കറ്റ് പ്രൊജക്ട്- അർട്ടിസൺ ആന്‍ഡ് യു (അമേരിക്ക), കോ എക്സിസ്റ്റ് ഇനീഷ്യേറ്റിവ് -ഗേൾസ് എജ്യുക്കേഷൻ ഇക്വിറ്റി പ്രൊജക്ട് (കെനിയ), ഗിവ് സംതിങ് ബാക്ക് ടു ബെർലിന്‍ (ജർമനി), ഇന്റർനാഷണൽ കൗൺസിൽ ഫോർ കൾച്ചറൽ സെന്റേഴ്സ് -ബ്രെഡ് ഹൗസസ് നെറ്റ്‌വർക്ക് (ബൾഗേറിയ), ഓൺ അവർ റഡാർ- ഫ്രം ദ മാർജിൻ ടു ദ ഫ്രണ്ട് പേജ് (യു കെ) ഷൈൻ എ ലൈറ്റ് - കനാൽ കനോവ (ബ്രസീൽ/യുഎസ്എ), സിങ്ക - സിങ്ക കിവാന്ത (ഫ്രാൻസ്), യുണി സ്ട്രീം - എജ്യുക്കേറ്റിങ് ടുമോറൊസ് ലീഡേഴ്സ് ടുഡേ (ഇസ്രയേൽ) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു പ്രൊജക്ടുകൾ.

തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്ക് സാമ്പത്തിക സഹായത്തിനു പുറമെ ബി എം ഡബ്യുവിന്റെയും യുഎന്‍എഒസി യുടെയും വിവര സാങ്കേതികവിദഗ്ധരുടെ സേവനവും ലഭ്യമാകും. ഓരോ പ്രൊജക്ടും പ്രാബല്യമാക്കുന്നതിനു നേരിടേണ്ട പ്രതിസന്ധികളെക്കുറിച്ചും പ്ലാനിങ്ങിനെക്കുറിച്ചും വ്യക്തമായ മാർഗനിർദ്ദേശങ്ങളും അവർക്കു നൽകുന്നുണ്ട്. 2011 ലാണ് ഇന്റർകൾച്ചറൽ ഇന്നൊവേഷൻ അവാർഡ് ആരംഭിക്കുന്നത്. വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളെയും സംസ്കാരത്തെയും പരസ്പരം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതുസമൂഹം കെട്ടിപ്പടുക്കുവാൻ ഈ അവാർഡിലൂടെ സംയുക്ത സംഘാടകരായ ബി എം ഡബ്ല്യു ഗ്രൂപ്പും യുഎന്‍എഒസി-യും ലക്ഷ്യമിടുന്നു.

ഏപ്രിൽ 25 മുതൽ 27 വരെ നടക്കുന്ന യുഎന്‍എഒസിയുടെ ഏഴാമത് ഗ്ലോബൽഫോറത്തിൽ വച്ച് വിജയികളെ പ്രഖ്യാപിക്കും. 26 -ാം തിയതിയാണ് അവാർഡ്ദാന ചടങ്ങ്. യുണൈറ്റഡ് നേഷന്‍ അലയൻസ് ഓഫ് സിവിലൈസേഷൻസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ എച്ച് ഇ നാസിർ അബ്ദുളസീസ് അൽ-നാസർ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികളും യുഎൻ പ്രതിനിധികളും പങ്കെടുക്കും.