പുതുവർഷത്തിൽ വാഹന വില കൂട്ടാൻ ബി എം ഡബ്ല്യു

പുതുവർഷം മുതൽ ‘മിനി’ ഉൾപ്പടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു തീരുമാനിച്ചു. എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ വ്യക്തമാക്കി. ഉയർന്ന മൂല്യമുള്ള വാഹനങ്ങൾ ഉപയോക്താക്കൾക്കു ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാർ അഭിപ്രായപ്പെട്ടു. മികച്ച ഡ്രൈവിങ് അനുഭവം ഉറപ്പാക്കാൻ പുതുമയുള്ള ഉൽപന്നങ്ങളും ലോകോത്തര നിലവാരമുള്ള ഡീലർഷിപ്പുകളും അത്യാധുനിക സർവീസ് സൗകര്യവുമൊക്ക അത്യാവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘വൺ സീരീസ്’, ‘ത്രി സീരീസ്’, ‘ത്രി സീരീസ് ഗ്രാൻ ടുറിസ്മൊ’, ‘ഫൈവ് സീരീസ്’, ‘സെവൻ സീരീസ്’, ‘എക്സ് വൺ’, ‘എക്സ് ത്രി’, ‘എക്സ് ഫൈവ്’ എന്നിവയാണു ബി എം ഡബ്ല്യു ഇന്ത്യ ചെന്നൈയിലെ പ്ലാന്റിൽ നിർമിച്ചു വിൽക്കുന്നത്. ഇതിനു പുറമെ ‘സിക്സി സീരീസ് ഗ്രാൻ കൂപ്പെ’, ‘എക്സ് സിക്സ്’, ‘സീ ഫോർ’, ‘എം ത്രി സെഡാൻ’, ‘എം ഫോർ കൂപ്പെ’, ‘എഫ് ഫൈവ് സെഡാൻ’, ‘എം സിക്സ് ഗ്രാൻ കൂപ്പെ’, ‘എക്സ് ഫൈവ് എം’, ‘എക്സ് സിക്സ് എം’, ‘ഐ എയ്റ്റ്’ എന്നീ വിദേശ നിർമിത കാറുകൾ കമ്പനി ഇറക്കുമതി ചെയ്തും ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഉടമകളുടെ താൽപര്യം പരിഗണിച്ചു നിർമിച്ചു നൽകുന്ന ‘സിക്സ് സീരീസ് ഇൻഡിവിജ്വൽ’, ‘സെവൻ സീരീസ് ഇൻഡിവിജ്വൽ’ എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. നിലവിൽ 39 വിൽപ്പന കേന്ദ്രങ്ങളാണു ബി എം ഡബ്ല്യുവിന് ഇന്ത്യയിലുള്ളത്.

പ്രീമിയം ബ്രാൻഡെന്ന നിലയിൽ 2012ലാണു ബി എം ഡബ്ല്യു ‘മിനി’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘ത്രി ഡോർ’, ‘ഫൈവ് ഡോർ’, ‘കൺവെർട്ട്ബ്ൾ’, ‘കൺട്രിമാൻ’ വകഭേദങ്ങളിലാണു ‘മിനി’ ഇന്ത്യയിൽ ലഭിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരബാദ് നഗരങ്ങളിലാണു ‘മിനി’ ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്.