എല്ലാ മോഡലിലും പെട്രോൾ എൻജിൻ വരുമെന്നു ബി എം ഡബ്ല്യു

BMW 3 Series

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ മോഡലുകൾക്കും അടുത്ത വർഷത്തോടെ പെട്രോൾ വകഭേദം ലഭ്യമാക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. നിലവിൽ സെഡാനുകളായ ‘ത്രീ സീരീസ്’, ‘ഫൈവ് സീരീസ്’, എസ് യു വികളായ ‘എക്സ് ത്രീ’, ‘എക്സ് ഫൈവ്’ എന്നിവ മാത്രമാണ് പെട്രോൾ എൻജിനോടെ ഇന്ത്യയിൽ ലഭ്യമാവുന്നതെന്ന് ‘മിനി’ ശ്രേണിയിലെ നാലാമതു മോഡലായ ‘മിനി ക്ലബ്മാൻ’ അവതരണ വേളയിൽ ബി എം ഡബ്ല്യു ആക്ടിങ് പ്രസിഡന്റ് ഫ്രാങ്ക് ഇമ്മാനുവൽ ഷ്ളോഡർ അറിയിച്ചു. അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിൽക്കുന്ന ഡസനോളം മോഡലുകളുടെയും പെട്രോൾ വകഭേദങ്ങൾ ലഭ്യമാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം പെട്രോൾ, ഡീസൽ മോഡലുകളുടെ കൃത്യമായ വിൽപ്പന കണക്കുകൾ വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധനായില്ല.

പെട്രോൾ മോഡൽ അവതരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചില്ലെങ്കിലും ഇതിനായി ചെന്നൈയിലെ നിർമാണശാലയിൽ രണ്ടാം അസംബ്ലി ലൈൻ ആവശ്യമായി വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ വാഹന നിർമാതാക്കളായ ഫോഴ്സ് മോട്ടോഴ്സാണു ബി എം ഡബ്ല്യുവിനായി എൻജിനുകൾ ലഭ്യമാക്കുന്നത്. ബി എം ഡബ്ല്യുവിന്റെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ‘മിനി’യുടെ മോഡലുകൾ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി. പരിമിത വിൽപ്പന മാത്രമുള്ളതിനാൽ ‘മിനി’ നിർമാണം വാണിജ്യകരമായി വിജയിക്കില്ല. നിലവിൽ എട്ടോളം മോഡലുകളാണു ബി എം ഡബ്ല്യു ചെന്നൈ ശാലയിൽ നിർമിക്കുന്നത്. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ സുപ്രീം കോടതി 2015 ഡിസംബറിൽ വിലക്ക് പ്രഖ്യാപിച്ചത് ബി എം ഡബ്ല്യുവിനു പുറമെ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനും ഔഡിക്കും ജഗ്വാർ ലാൻഡ് റോവറിനുമൊക്കെ കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. വാഹനവിലയുടെ ഒരു ശതമാനം ഹരിത സെസ് അടയ്ക്കാമെന്നു നിർമാതാക്കൾ അംഗീകരിച്ചതോടെ കഴിഞ്ഞ ഓഗസ്റ്റിലാണു കോടതി ഈ വിലക്ക് നീക്കിയത്.

എതിരാളികളായ മെഴ്സീഡിസിനെയും ഔഡിയെയും ജഗ്വാർ ലാൻഡ് റോവറിനെയും അപേക്ഷിച്ചു ഡീസൽ എൻജിൻ വിലക്കിന്റെ പ്രത്യാഘാതം ബി എം ഡബ്ല്യുവിനായിരുന്നു കുറവെന്നു പറയപ്പെടുന്നു. കമ്പനിയുടെ വിവിധ മോഡലുകൾക്ക് കരുത്തേകുന്നത് രണ്ടു ലീറ്ററിൽ താഴെ ശേഷിയുള്ള ഡീസൽ എൻജിനുകളായിരുന്നു എന്നതാണു ബി എം ഡബ്ല്യുവിനു തുണയായത്. പ്രതിവർഷം 35,000 യൂണിറ്റോളമാണു രാജ്യത്തെ ആഡംബര കാർ വിഭാഗത്തിലെ വിൽപ്പന; ഡീസൽ എൻജിൻ വിലക്ക് നിലനിന്നതിനാൽ ഇക്കൊല്ലത്തിന്റെ തുടക്കത്തിൽ വിൽപ്പന ഇടിഞ്ഞിരുന്നു. തുടർന്നു നവംബർ വരെ വിൽപ്പന 20% വരെ വളർന്നെങ്കിലും കേന്ദ്ര സർക്കാർ മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു വിപണിക്കു തിരിച്ചടിയായി.