ബിഎംഡബ്ല്യു കുന്നിലിടിച്ചപ്പോൾ

ബിഎംഡബ്ല്യുവാണ്,‍ ഡ്രൈവേഴ്സ് കാറാണ് എന്നൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. നിയന്ത്രണം പോയാൽ ഏതു വാഹനവും ഇടിച്ചു തകരും. ബിഎംഡബ്ല്യു കുന്നിൽ ഇടിച്ചു തകരുന്ന വിഡിയോയാണിപ്പോൾ യുട്യൂബിൽ വൈറലായിരിക്കുന്നത്. ഡ്രിഫ്റ്റ് ചെയ്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ഹെയർപിൻ വളവ് മനോഹരമായി ഡ്രൈവർ ഡ്രിഫ്റ്റ് ചെയ്തെങ്കിലും പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ടു, നേരെ ചെന്നിടിച്ചത് തൊട്ടടുത്തുള്ള കുന്നിലും.

ബിഎംഡബ്ല്യു ആയതുകൊണ്ട് ഡ്രൈവർക്ക് കൂടുതൽ പരിക്കുകളൊന്നും പറ്റിയില്ല. വാഹനത്തിന്റെ മുൻഭാഗവും ഇടതുവശവും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. സൺ റൂഫുവഴി ഇറങ്ങി ഓടുന്ന ഡ്രൈവറിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കാർ ‍തെന്നിക്കുന്നത് പകർത്താൻ നിന്ന മൊബൈൽ വിഡിയോഗ്രോഫർക്ക് ലഭിച്ചതാണ് ഈ അപടകത്തിന്റെ വിഡിയോ. വാഹനത്തിന്റെ ഇന്ധനം ചോർന്നെങ്കിലും എഞ്ചിൻ ഓഫ് ആയതുകൊണ്ട് കൂടുതൽ അപകടങ്ങളൊന്നും സംഭവിക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു.