‘ബ്രെക്സിറ്റ്’: എഫ് വണ്ണിന് ആശങ്കയില്ലെന്ന് എക്ൽസ്റ്റൻ

Bernie Ecclestone

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻമാറ്റം ഫോർമുല വണ്ണിനെ ബാധിക്കില്ലെന്നു ബെർണി എക്ൽസ്റ്റൺ. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകളിൽ ഭൂരിപക്ഷത്തിന്റെയും ആസ്ഥാനം ബ്രിട്ടൻ ആണെങ്കിലും ‘ബ്രെക്സിറ്റ്’ എഫ് വണ്ണിനെ ബാധിക്കില്ലെന്നാണു വാണിജ്യ വിഭാഗം മേധാവിയായ എക്ൽസ്റ്റന്റെ പക്ഷം. പോരെങ്കിൽ തുടക്കം മുതൽ താൻ ‘ബ്രെക്സിറ്റ്’ അനുകൂലിയാണെന്നും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്ൽസ്റ്റൻ(85) വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനം ശരിയാണ്; നമ്മളെ നാം തന്നെ ഭരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2015ൽ 190 കോടി ഡോളർ(12890.55 കോടി രൂപ) ആയിരുന്നു എഫ് വണ്ണിന്റെ വാണിജ്യ വരുമാനം.

ഉൽപ്പന്നം മികച്ചതാണ്, വിലയും ശരിയാണെങ്കിൽ ചൈനീസെന്നോ ഇറ്റാലിയനെന്നോ ജർമനെന്നോ വ്യത്യാസമില്ലാതെ ഉപയോക്താക്കളെ ലഭിക്കും. ‘ബ്രെക്സിറ്റി’ന്റെ പേരിലുള്ള കോലാഹലവും ആശങ്കയുമൊക്കെ താൽക്കാലികമാണെന്നും കുറച്ചു കഴിയുമ്പോൾ ജനം അവരവരുടെ വഴിക്കു പോകുമെന്നുമാണ് എക്ൽസ്റ്റന്റെ നിലപാട്.എഫ് വൺ ഗ്രിഡിലെ 11 ടീമുകളിൽ ചാംപ്യൻമാരായ മെഴ്സീഡിസന്റെയും റെനോയുടെയുമടക്കം എട്ടെണ്ണത്തിന്റെയും ഫാക്ടറികൾ ബ്രിട്ടനിലാണ്. ഫോർമുല വണ്ണിൽ ഏറ്റവുമധികം വിജയം കൊയ്ത ഫെറാരിയും റെഡ് ബുള്ളിന്റെ ഉടമസ്ഥതയിലുള്ള ടോറോ റോസൊയുമാണ് ഇറ്റാലിയൻ ടീമുകൾ. സേബറാവട്ടെ സ്വിസ് ടീമാണ്. മൊത്തം 21 മത്സരങ്ങളുള്ള ഫോർമുല വൺ സീസണിൽ ഏഴെണ്ണത്തിനാണ് യൂറോപ്യൻ യൂണിയൻ ആതിഥ്യമരുളുന്നത്. കലണ്ടറിലെ പുതുമുഖമായി അസർബൈജാൻ ഈ മാസം അരങ്ങേറുന്നുമുണ്ട്.

അതേസമയം ‘ബ്രെക്സിറ്റി’നെക്കുറിച്ച് എക്ൽസ്റ്റനുള്ള ശുഭാപ്തിവിശ്വാസം ഫോർമുല വൺ ചാംപ്യൻമാരായ മക്ലാരൻ പങ്കുവയ്ക്കുന്നില്ല. ‘ബ്രെക്സിറ്റി’ന്റെ പ്രത്യാഘാതം ഗുരുതരമാവുമെന്ന ആശങ്കയാണു ടീം എക്സിക്യൂട്ടീവ് ചെയർമാൻ റോൺ ഡെന്നീസ് വോട്ടെടുപ്പിനു മുമ്പു പങ്കുവച്ചത്. യു കെ ആസ്ഥാനമായ മക്ലാരന്റെ ഭാഗ്യനിർഭാഗ്യങ്ങൾ മൂവായിരത്തോളം കുടുംബങ്ങളെയാണു ബാധിക്കുക. കൂടാതെ ബ്രിട്ടീഷ് സപ്ലയർമാരും അവരുടെ ജീവനക്കാരും ഈ വിധിയെഴുത്തിന്റെ ഗുണദോഷങ്ങൾ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ഡെന്നീസിന്റെ വിലയിരുത്തൽ. മക്ലരാന്റെ ബിസിനസ് സാധ്യതകൾക്ക് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നതെന്നും അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.