‘ഇകോ സ്പോർട്ടി’നെ അട്ടിമറിച്ച് ‘ബ്രേസ’

നിരത്തിലെത്തി ആദ്യ മാസം തന്നെ എതിരാളികൾക്കു കനത്ത വെല്ലുവിളി ഉയർത്തി മാരുതി സുസുക്കിയുടെ പ്രീമിയം കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’. മാർച്ച് എട്ടിന് അരങ്ങേറിയ ‘വിറ്റാര ബ്രേസ’ കഴിഞ്ഞ മാസം കൈവരിച്ചത് 5,563 യൂണിറ്റിന്റെ വിൽപ്പനയാണ്. ഇതോടെ മാർച്ചിൽ 4,456 യൂണിറ്റ് മാത്രം വിറ്റ ഫോഡ് ‘ഇകോ സ്പോർട്ടി’നെ മാരുതി സുസുക്കിയുടെ പോരാളി ആദ്യ മാസം തന്നെ പിന്നിലാക്കുകയും ചെയ്തു. നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഇതാദ്യമായാണു ജാപ്പനീസ് നിർമാതാക്കളായ സുസുക്കി ഭാഗ്യപരീക്ഷണത്തിന് ശ്രമിച്ചത്. അതേസമയം തുടക്കം മുതൽ തന്നെ ഈ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ചരിത്രമാണ് യു എസ് നിർമാതാക്കളായ ഫോഡിന്റെ പ്രതിനിധിയായ ‘ഇകോ സ്പോർട്ടി’ന്റേത്. പോരെങ്കിൽ ‘വിറ്റാര ബ്രേസ’യുടെ പരിഗണിച്ച് ‘ഇകോ സ്പോർട്ടി’ന്റെ വിലയിൽ വൻകിഴിവ് അനുവദിച്ചിട്ടു പോലും ഫോഡിന്റെ കോംപാക്ട് എസ് യു വിക്കു പിടിച്ചു നിൽക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. ‘ഇകോ സ്പോർട്ടി’നു പുറമെ മഹീന്ദ്രയുടെ ‘ടി യു വി 300’, ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’ തുടങ്ങിയവയെ കൂടി നേരിടാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യെ പടയ്ക്കിറക്കിയത്.

നീളം നാലു മീറ്ററിൽ താഴെയായി പരിമിതപ്പെടുത്തി, ഇന്ത്യൻ വിപണിക്കായി മാരുതി സുസുക്കി ആഭ്യന്തരമായി രൂപകൽപ്പന ചെയ്തു പുറത്തിറക്കിയ മോഡലാണു ‘വിറ്റാര ബ്രേസ’. ആകർഷക രൂപകൽപ്പനയ്ക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ മാരുതി സുസുക്കി സാക്ഷാത്കരിച്ച ‘വിറ്റാര ബ്രേസ’ നിരൂപകരെയും വാഹന പ്രേമികളെയുമൊക്കെ ആകർഷിക്കുന്നതിലും വിജയം കണ്ടു. ആപ്പിൾ കാർ പ്ലേ, സ്മാർട് ലിങ്ക്, നാവിഗേഷൻ സൗകര്യങ്ങളോടെ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, എൽ ഇ ഡി ഗൈഡ്ലൈറ്റ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, ബോഡിക്ക് ഇരട്ട വർണ സങ്കലന സാധ്യത എന്നിവയൊക്കെയായിരുന്നു ‘വിറ്റാര ബ്രേസ’യുടെ പ്രധാന സവിശേഷത. തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിപണിയിലുള്ളത്; 1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്: ലീറ്ററിന് 24.3 കിലോമീറ്റർ.

ഡീസൽ എൻജിനോടെ മാത്രം വിൽപ്പനയ്ക്കെത്തിയിട്ടും എതിരാളികളെ അമ്പരിപ്പിക്കുന്ന പ്രകടനമാണു ‘വിറ്റാര ബ്രേസ’ കാഴ്ചവയ്ക്കുന്നത്. മികച്ച രൂപകൽപ്പനയും സ്ഥലസൗകര്യമേറിയ അകത്തളവും സംവിധാനങ്ങളിലെ ധാരാളിത്തവും കൂടാതെ രാജ്യവ്യാപകമായുള്ള വിപുലമായ വിപണന ശൃംഖലയും മാരുതി സുസുക്കിയിൽ നിന്നുള്ള പുതുമുഖമായ ‘വിറ്റാര ബ്രേസ’യുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. ആദ്യം നിരത്തിലെത്തിയതിന്റെയും കഴിവു തെളിയിച്ചതിന്റെയുമൊക്കെ പിൻബലമുണ്ടെങ്കിലും ‘വിറ്റാര ബ്രേസ’യുമായുള്ള താരതമ്യത്തിൽ ചിലപ്പോഴെങ്കിലും ‘ഇകോ സ്പോർട്’ പിന്തള്ളപ്പെടുന്നതും ഈ ഘടകങ്ങൾ കൊണ്ടുതന്നെ. ‘ഇകോ സ്പോർട്ടി’നു കരുത്തേകുന്നത് 1.5 ലീറ്റർ ഡീസൽ എൻജിനാണ്; അതേസമയം ‘വിറ്റാര ബ്രേസ’യിലുള്ളത് ഫിയറ്റിൽ നിന്നുള്ള ലൈസൻസ് വഴി മാരുതി സുസുക്കി ഉൽപ്പാദിപ്പിക്കുന്ന 1.3 ലീറ്റർ, മൾട്ടിജെറ്റ് ഡീസൽ എൻജിനാണ്. എൻജിൻ ശേഷി കുറവായതിനാൽ ‘വിറ്റാര ബ്രേസ’യ്ക്ക് മാരുതി സുസുക്കി ലീറ്ററിന് 24.3 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമ്പോൾ ‘ഇകോ സ്പോർട്ടി’നു ഫോഡിന്റെ വാഗ്ദാനം 22.27 കിലോമീറ്റർ ആണ്.