ബുഗാട്ടിയും കാവസാക്കി എച്ച്2ആറും ഏറ്റുമുട്ടിയാൽ

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്കുകളിലൊന്നാണ് കാവസാക്കി എച്ച്2 ആർ. കാറുകളുടെ കാര്യമെടുത്താൽ ബുഗാട്ടി വേഗരാജാവ് ബുഗാട്ടി വെയ്റോണാണ്. സൂപ്പർബൈക്ക് പ്രേമികളുടെ സൂപ്പർതാരമായ എച്ച് 2ഉും കാറുകളിലെ വേഗതയുടെ തമ്പുരാൻ ബുഗാട്ടി വെയ്റോണും തമ്മിലൊരു മത്സരം നടത്തിയാൽ ആരു ജയിക്കും? അത് കണ്ടുതന്നെ അറിയണം അല്ലേ...

ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ ചാർജിഡ് ബൈക്കാണ് കാവസാക്കി എച്ച്2ആർ. 998 സിസി , 4 സിലിണ്ടര്‍ എന്‍ജിനുള്ള ബൈക്കിന് 300 ബിഎച്ച്പി കരുത്തുണ്ട്. 2.3 സെക്കൻഡുകൊണ്ടു പൂജ്യത്തിൽ നിന്ന് 100 ലെത്തും എച്ച്2ആർ. ബുഗാട്ടി വെയ്റോണിന്റെ ഗ്രാന്റ് സ്പോര്‍ട്സിന്റെ 16.4 ലിറ്റർ എഞ്ചിനാണുള്ളത് 6400 ആർപിഎമ്മിൽ‌ 1200 ബിഎച്ച്പി കരുത്തും 3000-5000 ആർപിഎമ്മിൽ 1500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഏറ്റവും വേഗതയുള്ള സ്പോർട്സ് കാർ എന്ന റെക്കാർഡ് സ്വന്തം പേരിലാണെങ്കിലും 375 കിമി എന്ന പരിധി കമ്പനി ഗ്രാന്റ് സ്പോർട്ട്സിന്റെ വേഗതയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിമി വേഗതയിലെത്താൻ വെയ്റോണിന് വെറും 2.6 സെക്കന്റുകൾ മാത്രം മതി.

ഇവർ തമ്മില്‍ ഏറ്റുമുട്ടിയാൽ ബുഗാട്ടി വെയ്റോൺ ജയിക്കുമെന്ന് കരുതുന്നവർക്ക് തെറ്റി കാവസാക്കി എച്ച്2 ആർ എന്ന കാളകൂറ്റനാണ് ഇവിടെ വിജയത്തിൽ തൊട്ടത്. അമേരിക്കയിലെ കാലിഫോർണിയയിലെ മിന്റർ എയർസ്ട്രിപ്പിൽ നടത്തിയ മത്സരത്തിലാണ് എച്ച്2ആർ വിജയിയായത്. 0.5 മൈല്‍ (ഏകദേശം 0.8 കിലോമീറ്റർ) നടത്തിയ വേഗത മത്സരത്തിൽ കാവസാക്കി എച്ച്2ആർ 194.5 മൈൽ (313 കിമീ) വേഗതയിലെത്തിയപ്പോൾ ബുഗാട്ടി 180 മൈൽ (289 കിമീ) വേഗതയിലെത്തി.