കാർ എന്ന ഇലക്ട്രോണിക് ഉൽപ്പന്നം

Consumer and Electronic Show 2016

ടിവിയോ മൊബൈൽ ഫോണോ പോലെ കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നമാണു കാർ എന്ന് ആരും കരുതിയിരിക്കില്ല. യുഎസിലെ ലാസ് വേഗസിൽ തുടങ്ങിയ ‘കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ’ എന്ന രാജ്യാന്തര പ്രദർശനം കൊടിയിറിങ്ങുന്നത് കാറിന് ഈ വിലാസം നൽകിക്കൊണ്ടാവും. വൈദ്യുതിയിലോടുന്ന കാറുകൾ, ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾ, കണക്റ്റഡ് കാറുകൾ‌ എന്നിങ്ങനെ സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കിൽ കാർ ഒരു ഇലക്ട്രോണിക് ഉൽപ്പന്നമായി മാറും. ഫോഡ്,ഔഡി,ടൊയോട്ടോ, ബിഎംഡബ്ല്യു എന്നിങ്ങനെ ഒൻപതു പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ വാഹന–സംബന്ധിയായ 115 സ്റ്റാളുകളുണ്ട്. ലാസ് വേഗസിനടുത്തുതന്നെ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ള പുതിയ ഇലക്ട്രിക് കാർ കമ്പനി ‘ഫാരഡെ ഫ്യൂച്ചർ’ ഒരു കിടിലൻ വൈദ്യുത കാറിന്റെ പ്രോട്ടൊടൈപ്പ് പ്രദർശനത്തിനുതലേന്നുതന്നെ അവതരിപ്പിച്ചുകഴിഞ്ഞു. ചൈനീസ് കോടീശ്വരൻ ജിയാ യൂട്ടിങ്ങിന്റെ പിന്തുണയുള്ള ഫാരഡെ അടുത്ത വർഷം കാറുകൾ വിപണിയിലെത്തിക്കും. പുതുമയാർന്ന വാഹന സാങ്കേതികവിദ്യ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള ആപ്പിൾ ആണോ ഫാരഡെയുടെ പിന്നിൽ എന്ന സംശയവുമുയർന്നിട്ടുണ്ട്.

Consumer and Electronic Show 2016

ജനറൽ മോട്ടോഴ്സ്, ഫോക്സ്‌വാഗൺ, കിയ തുടങ്ങിയ കമ്പനികളും ഇലക്ട്രിക് അഥവാ ഹൈബ്രിഡ് മോഡലുകൾക്കായും ഡ്രൈവർ വേണ്ടാത്ത കാറുകൾക്കായുമുള്ള പദ്ധതികൾ പ്രഖ്യാപിക്കും. താങ്ങാനാവുന്ന ചെലവിൽ ദീർഘദൂര യാത്രയ്ക്കുതകുന്ന വൈദ്യുതി കാർ എന്നതാണ് ഫോക്സ്‌വാഗണിന്റെ മുദ്രാവാക്യം. ഒറ്റത്തവണ ചാർജ് ചെയ്ത് 400– 500 കിലോമീറ്റർ ഓടാവുന്ന മൈക്രോ ബസ് കമ്പനി അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. ഒറ്റത്തവണ ചാർജിൽ 320 കിലോമീറ്ററോളം ഓടുന്ന ഷെവർലെ ബീറ്റ് വിപണിയിലിറക്കാൻ ജനറൽ മോട്ടോഴ്സ് ഈ അവസരം ഉപയോഗിക്കുമെന്നു സൂചനയുണ്ട്. സെൽഫ്– ഡ്രൈവിങ് കാറുകളുടെ രംഗത്ത് ഏറെ മുന്നിലെത്തിയ ഗൂഗിൾ ഇപ്പോൾ നേരിടുന്ന പ്രശ്നം പല രാജ്യങ്ങളിലെയും നിയമങ്ങൾ ഇത്തരം കാറുകളെ പ്രോൽസാഹിപ്പിക്കുന്നതല്ല എന്നതാണ്. എന്നാൽ ഇത് അവരെയോ മറ്റു കമ്പനികളെയോ പിന്തിരിപ്പിക്കുന്നില്ല. ഫോഡ് പരീക്ഷണക്കാറുകളുടെ എണ്ണം പത്തിൽ നിന്ന് 30 ആക്കുകയാണ്. കലിഫോണിയയിലെ വെലോഡൈൻ കമ്പനി രൂപപ്പെടുത്തിയതും നിലവിലുള്ള മോഡലുകളെക്കാൾ വില കുറഞ്ഞതുമായ ലിഡാർ എന്ന സെൻസർ ആണ് ഇനി ഫോഡിന്റെ സ്വയം നിയന്ത്രിത കാറുകളിൽ ഉപയോഗിക്കുക. യുഎസിലെ വിവിധ നഗരങ്ങളിലാണു പരീക്ഷണ ഓട്ടം.

Consumer and Electronic Show 2016

വാഹന നിർമാതാക്കൾക്കുപുറമെ, ബോഷ്, വാലിയോ, ഗ്രാഫിക്സ് സാങ്കേതികവിദ്യാരംഗത്തെ എൻവിഡിയ, 3ഡി മാപ്പിങ് കമ്പനിയായ ഹിയർ തുടങ്ങിയ കമ്പനികൾ അവരുടെ വൈദഗ്ധ്യം കാറുകളിൽ എങ്ങനെ പ്രയോഗിക്കാമെന്നതിന്റെ പരീക്ഷണ അവതരണവും മേളയിൽ നടത്തുന്നുണ്ട്. ഫോഡ്, ഡെൽഫി തുടങ്ങിയവർ കാറിനെ ഇന്റർനെറ്റുമായും സ്മാർട്ഫോണുമായും ബന്ധിപ്പിക്കുന്ന കണക്റ്റഡ് കാർ സാങ്കേതിക വിദ്യകൾ പുതിയ തലങ്ങളിലേക്കുയർത്തുന്നതിനും ലാസ് വേഗസ് മേള സാക്ഷ്യം വഹിക്കും. പാർക്കിങ് സഹായം, കൂട്ടിയിടി ഒഴിവാക്കൽ, എമർജൻസി ബ്രേക്കിങ് തുടങ്ങിയ രംഗങ്ങളിലും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കപ്പെടും.