കമ്പ്യൂട്ടർ മാത്രമല്ല കാറും ഹാക്ക് ചെയ്യാം

ഗ്രാൻഡ് ചെറോക്കി (ഫയൽ ചിത്രം)

കമ്പ്യൂട്ടറും ജി മെയിലും ഹാക്ക് ചെയ്യുന്നതു ഇക്കാലത്ത് പുതുമയല്ല. എന്നാൽ ഒരു കാർ ഹാക്ക് ചെയ്തെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ സംഗതി സത്യമാണ്. സൈബർ സെക്യൂരിറ്റി വിദഗ്ധരായ രണ്ടു പേർ ചേർന്ന് കാർ ഹാക്ക് ചെയ്തത് വാഹനനിർമാതാക്കളെയും ഉടമകളെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.

അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടെന്ന് അവകാശപ്പെടുന്ന വാഹനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലെ പോരായ്മകളായിരുന്നു ചാർലി മില്ലർ, ക്രിസ് വലാസിക് എന്നിവർ കഴിഞ്ഞ ദിവസം തുറന്നു കാട്ടിയത്. ക്രൈസ്ലർ നിർമിച്ച ‘ജീപ്പ് ചെറോക്കീ’യുടെ ഓൺലൈൻ എന്റർടെയ്ൻമെന്റ് സംവിധാനത്തിൽ നുഴഞ്ഞുകയറി ഇലക്ട്രോണിക് സിസ്റ്റത്തിന്റെ നിയന്ത്രണം ഇരുവരും ഏറ്റെടുക്കുകയായിരുന്നു.

ഒരു ലാപ്ടോപ്പും ഇന്റെർനെറ്റ് കണക്ഷനുള്ള മൊബൈലും ഉപയോഗിച്ച് 15 കിലോമീറ്റർ അകലെയുള്ള വീട്ടിലിരുന്ന ഇരുവരും ചേർന്നു കാർ ഹാക്ക് ചെയ്തു. പ്രസ്തുത വാഹനത്തിന്റെ ഇന്റെർനെറ്റ് അഡ്രസ് ചോർത്തിയെടുത്ത ശേഷം അതുപയോഗിച്ച് വാഹനത്തിന്റെ വേഗത്തിലും ബ്രേക്കിങ് ശേഷിയിലുമൊക്കെ മാറ്റം വരുത്തി; റേഡിയോയുടെയും വിൻഷീൽഡ് വൈപ്പറിന്റെയുമൊക്കെ നിയന്ത്രണവും ഏറ്റെടുത്തു. 70 കിലോമീറ്റർ വേഗതയിൽ ഒാടിക്കൊണ്ടിരുന്ന വാഹനം പതിയെ നിന്നു.

പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി തന്നെയാണ് ഹാക്കിങ്ങിന് അനുമതി നൽകിയതെങ്കിലും സംഗതി നടക്കുമെന്നറിഞ്ഞതോടെ ക്രൈസ്ലർ 14 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു. ആധുനനിക സംവിധാനങ്ങൾ കൂടുമ്പോൾ ഇങ്ങനെയും ചില അപകടങ്ങൾ ഉയർന്നു വരുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.