ചൈനയിൽ കാർ ഉടമകൾ 19 കോടി

ചൈനയിൽ 19 കോടി കാർ ഉടമകളുണ്ടെന്ന് ഔദ്യോഗിക കണക്ക്. രാജ്യത്തെ മൊത്തം വാഹനങ്ങളുടെ എണ്ണമാവട്ടെ 28 കോടിയായി ഉയർന്നിട്ടുണ്ട്. ഇക്കൊല്ലത്തിന്റെ മൂന്നാം പാദത്തിൽ പുതുതായി 61.80 ലക്ഷം കാറുകൾ റജിസ്റ്റർ ചെയ്തെന്ന് ചൈനയിലെ പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം വെളിപ്പെടുത്തി. 2015 ജൂലൈ - സെപ്റ്റംബർ ത്രൈമാസത്തെ അപേക്ഷിച്ച് 24.2% അധികമാണിത്.

കഴിഞ്ഞ ജനുവരി - സെപ്റ്റംബർ കാലത്താവട്ടെ ചൈനയിൽ 1.919 കോടി പുതിയ കാറുകൾക്കാണു റജിസ്ട്രേഷൻ അനുവദിച്ചത്. 2015ന്റെ ആദ്യ ഒൻപതു മാസക്കാലത്ത് അനുവദിച്ച റജിസ്ട്രേഷനുകളെ അപേക്ഷിച്ച് 14.6% വർധനയാണിത്. 2016 സെപ്റ്റംബർ 30ലെ കണക്കനുസരിച്ചാണു രാജ്യത്ത് മൊത്തം 19 കോടി കാറുകളുണ്ടെന്നു പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ 10 ലക്ഷത്തിലേറെ കാറുകളുള്ള 47 നഗരങ്ങളുണ്ടെന്നാണു സർക്കാരിന്റെ കണക്ക്. ബെയ്ജിങ്, ഷാങ്ഹായ്, ചോങ്ക്വിങ് തുടങ്ങി 16 വൻനഗരങ്ങളിലെ കാറുകളുടെ എണ്ണമാവട്ടെ 20 ലക്ഷത്തിലുമേറെയാണ്. സെപ്റ്റംബറിലെ കണക്കുപ്രകാരം രാജ്യത്ത് കാർ ഓടിക്കാൻ ലൈസൻസ് നേടിയ 35 കോടി ഡ്രൈവർമാരുണ്ട്. ഇതിൽ 2.831 കോടി ഡ്രൈവർമാർ ഇക്കൊല്ലമാണു ലൈസൻസ് നേടിയതെന്നും പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.