രണ്ടു കാറുകളുടെ സ്ഥലത്ത് 16 കാറുകൾ പാർക്ക് ചെയ്യാം

രണ്ടു കാറുകളുടെ സ്‌ഥാനത്ത് വിവിധ തട്ടുകളിലായി 16 കാറുകൾ വരെ പാർക്കു ചെയ്യാൻ കഴിയുന്ന സ്‌മാർട് പാർക്കിങ് സംവിധാനം ആദ്യമായി ഖത്തറിൽ. വില്ലാജിയോ മാളിലാണ് ഇത്തരം പാർക്കിങ് സംവിധാനം ആദ്യമായി സ്‌ഥാപിച്ചത്. സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ ഇത്തരം പാർക്കിങ് സംവിധാനമുണ്ടെങ്കിലും ഖത്തറിൽ ഇതാദ്യമാണ്. കൊറിയൻ കമ്പനിയായ ഡോങ് യാങ് പിസിയുടെ പ്രാദേശിക ഏജന്റായ മൈസിറ്റി ഫോർ ടെക്‌നിക്കൽ സൊല്യൂഷൻസാണ് (എംസിടിഎസ്) വില്ലാജിയോ മാളിൽ പാർക്കിങ് സംവിധാനം ഒരുക്കിയത്.

ഈ സംവിധാനത്തെ കുറിച്ചു ജനങ്ങൾ പരിചയിക്കുന്നതു വരെ ആദ്യ ആറുമാസം പാർക്കിങ് സൗജന്യമാണ്. സംവിധാനം വിജയമാണെങ്കിൽ കൂടുതൽ സ്‌ഥലങ്ങളിൽ ഇത്തരം പാർക്കിങ് സംവിധാനം ഒരുക്കാൻ കഴിയുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. റോട്ടറി പാർക്കിങ് എന്നറിയപ്പെടുന്ന സംവിധാനത്തിൽ വിവിധ തട്ടുകളിലായി ചലിക്കുന്ന പ്ലാറ്റ്‌ഫോമാണുള്ളത്. ഇരുമ്പു ചട്ടത്തിലാണ് ഇതു സ്‌ഥാപിക്കുക. ജയന്റ് വീലിന്റെ മാതൃകയിൽ വാഹനം മുകളിലേക്ക് ഉയരും.

താഴത്തെ ലോഹ പ്ലാറ്റ്‌ഫോമിൽ പാർക്ക് ചെയ്‌ത ശേഷം ഡ്രൈവർ പുറത്തിറങ്ങി ലിഫ്‌റ്റ് ബട്ടണിൽ അമർത്തുമ്പോൾ അടുത്ത തട്ടിലേക്ക് ഉയരും. വാഹനം തിരിച്ചെടുക്കാനായി ഏതു തട്ടിലാണു വാഹനമുള്ളത് എന്നുനോക്കി അതിന്റെ നമ്പർ അമർത്തിയാൽ മതി. ഒരോ തട്ടും താഴേക്കിറങ്ങി വരും. ഇരുവശത്തേക്കും ചലിക്കാവുന്ന വിധത്തിലാണ് സംവിധാനം എന്നതിനാൽ ഏറ്റവും കുറഞ്ഞ ചലനം കൊണ്ടു വാഹനം താഴെയെത്തിക്കാനാകും. ആറു മുതൽ 16 കാറുകൾ വരെ പാർക്കു ചെയ്യാൻ കഴിയുന്ന വിവിധ വലിപ്പത്തിലുള്ള സംവിധാനമുണ്ട്.

30 ചതുരശ്രമീറ്റർ സ്‌ഥലത്ത് 12 എസ്‌യുവികൾ വരെ പാർക്കു ചെയ്യാൻ കഴിയും. ചെറിയ കാറുകളാണെങ്കിൽ 16 എണ്ണവും പാർക്ക് ചെയ്യാം. വാഹനങ്ങളിലെ മോഷണം, മറ്റു കാറുകൾ പാർക്കു ചെയ്യുമ്പോഴുള്ള അപകടങ്ങൾ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ ഒഴിവാക്കാനാകുമെന്നു കമ്പനി അവകാശപ്പെടുന്നു. വൈദ്യുതി ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക. എന്നാൽ വൈദ്യുതി നിലച്ചാലും കൈകൊണ്ടു തിരിച്ചു ചട്ടം കറക്കാനാകും. ഒരാഴ്‌ചകൊണ്ട് ഇരുമ്പു ചട്ടത്തിൽ സ്‌മാർട്ട് പാർക്കിങ് സംവിധാനം സ്‌ഥാപിക്കാം എന്നതാണ് മറ്റൊരു മെച്ചം.