എത്തുന്നു 1000 സിസിയുടെ ബുള്ളറ്റ്

Carberry Enfield

പോൾ കാർബെറിയേയും അദ്ദേഹത്തിന്റെ കാർബെറി ബുള്ളറ്റിനേയും പറ്റി നാം അധികം കേട്ടിട്ടുണ്ടാകില്ല. എന്നാൽ പോൾ ഓസ്ട്രേലിയയിൽ പ്രശസ്തനാണ്, എന്തിനാണ് എന്നല്ലേ, 1000 സിസിയുടെ ബുള്ളറ്റ് നിർമിക്കുന്നതിൽ. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ 1000 സിസിയുള്ള എൻജിൻ ഘടിപ്പിച്ച് വിൽക്കുന്ന കാർബെറി ബുള്ളറ്റ് ഇന്ത്യയിലേയ്ക്കെത്തുന്നു. ഓസ്ട്രേലിയയിലെ പ്രവർത്തനം അവസാനിപ്പിച്ച് ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് പുതിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനി ഒരുങ്ങുന്നത്. പോൾ കാർബെറി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കമ്പനി ഇന്ത്യയിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന വിവരം അറിയിച്ചത്. അതിനായി ഇന്ത്യയിൽ നിന്നുള്ളൊരു നിക്ഷേപകനെ ലഭിച്ചു എന്നും അദ്ദേഹം പറയുന്നു.

കാർബെറി ബുള്ളറ്റ്

Carberry Enfield

റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഇരുചക്രവാഹനമാണ് കാർബെറി ബുള്ളറ്റ്. എൻഫീൽഡിന്റെ 500 സിസി എൻജിനെ ആധാരമാക്കിയാണ് 998 സിസി വി ട്വിൻ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 55 ഡിഗ്രി, എയർകൂൾഡ്, നാലു വാൽവ് എൻജിൻ 4800 ആർപിഎമ്മിൽ 49.6 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കും. ഇത്തരത്തിലുള്ള നിരവധി ബൈക്കുകൾ കാർബെറി എൻഫീൽഡ് ഓസ്ട്രേലിയയിൽ വിറ്റിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Carberry Enfield V-Twin Engine

റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഈറ്റില്ലമായ ഇന്ത്യയിലെത്തുമ്പോള്‍ കുറച്ചകൂടെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ബൈക്ക് നിർമിക്കാമെന്നാണ് പോൾ കരുതുന്നത്. ഉടൻ തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെങ്കിലും 1000 സിസി ബുള്ളറ്റിന്റെ വിലയും മറ്റ് വിവരങ്ങളും പോൾ പുറത്തുവിട്ടിട്ടില്ല.