ഷെവർലെ 100 മണിക്കൂർ സെയിൽ

കാർ വാങ്ങാനുള്ള ഏറ്റവും മികച്ച സമയമെന്ന അവകാശവാദത്തോടെ ആകർഷക ഇളവുകളും വാഗ്ദാനങ്ങളുമൊക്കെയായി ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ‘ഷെവർലെ 100 മണിക്കൂർ സെയിൽ’ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള വിലക്കഴിവിനു പുറമെ സമ്മാനങ്ങളും വാഗ്ദാനങ്ങളുമൊക്കെയായി വ്യാഴാഴ്ച ആരംഭിച്ച വിൽപ്പന ഈ ഞായറാഴ്ച വരെ തുടരും.

‘ഷെവവർലെ 100 മണിക്കൂർ സെയിലി’ൽ വിവിധ മോഡലുകൾക്കു ലഭിക്കുന്ന ഇളവുകൾ ഇപ്രകാരമാണ്:

  1. ഷെവർലെ ക്രൂസ് — 1,00,999 രൂപ വരെ

  2. ഷെവർലെ ബീറ്റ് — 70,499 രൂപ വരെ

  3. ഷെവർലെ സെയിൽ — 64,499 രൂപ വരെ

  4. ഷെവർലെ എൻജോയ് — 62,500 രൂപ വരെ.

മോഡൽ അടിസ്ഥാനമാക്കി കൂടുതൽ സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഇടപാടുകാരെ കാത്തിരിപ്പുണ്ടെന്നാണു ജി എം ഐയുടെ വാഗ്ദാനം. രണ്ടു ഗ്രാം സ്വർണ നാണയം, 10,000 രൂപ മൂല്യമുള്ള അക്സസറികൾ, രണ്ട് വർഷത്തെ ദീർഘിപ്പിച്ച വാറന്റി, 34000 രൂപ വിലയുള്ള എൽ ഇ ഡി ടെലിവിഷൻ തുടങ്ങിയവയൊക്കെ സൗജന്യ സമ്മാനമായി കമ്പനി ലഭ്യമാക്കുന്നുണ്ട്.

പണത്തിനൊത്ത മൂല്യം ഉറപ്പു നൽകുന്ന പാക്കേജുകൾ വഴി വിപണിയുടെ താൽപര്യം നിലനിർത്താനും കൂടുതൽ ഇടപാടുകാരെ ഷെവർലെ ശ്രേണിയിലേക്ക് ആകർഷിക്കാനുമുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നു ജി എം ഐ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്, സെയിൽസ്, ആഫ്റ്റർ സെയിൽസ്) രാജേഷ് സിങ് വിശദീകരിച്ചു.

ഷെവർലെ പ്രോമിസിനൊപ്പം വനിതാ ഇടപാടുകാർക്കു മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസും വസൗജന്യ പിക് അപ്പും ഡ്രോപ്പുമൊക്കെ ഉൾപ്പെടുന്ന ഷെവർലെ കംപ്ലീറ്റ് കാർ കെയർ പ്രോഗ്രാമും ജി എം ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 1928ൽ ആദ്യ വാഹന നിർമാണശാല സ്ഥാപിച്ചതിന്റെ പെരുമ പേറുന്ന ജനറൽ മോട്ടോഴ്സ് നിലവിൽ ‘ബീറ്റ്’, ‘കാപ്റ്റീവ’, ‘ക്രൂസ്’, ‘എൻജോയ്’, ‘സെയിൽ’, ‘സെയിൽ യുവ’, ‘സ്പാർക്’, ‘ടവേര നിയോ’ തുടങ്ങിയ മോഡലുകളാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്.