പുതിയ ‘ഷെവർലെ ക്രൂസ്' ഇന്ത്യൻ വിപണിയിൽ; വില 14.68 ലക്ഷം രൂപ മുതൽ

ഷെവർലെ ബ്രാൻഡിൽ ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സെഡാൻ ക്രൂസിന്റെ പുതു പതിപ്പ് ‘ഷെവർലെ ക്രൂസ് 2016’ യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് (ജി എം) ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിച്ചു. 14.68 ലക്ഷം മുതൽ 17.81 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂം വില.

ആകർഷകമായ രൂപകൽപ്പനയുടെയും ആധുനിക സംവിധാനങ്ങളുടെയും പിൻബലത്തോടെയെത്തുന്ന പുതിയ ക്രൂസിന് പ്രീമിയം എക്സിക്യൂട്ടീവ് സെഡാൻ വിപണിയിൽ ചലനം സൃഷ്ടിക്കാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പുതിയ ‘ക്രൂസി’നു കരുത്തുറ്റ ഡീസൽ എൻജിൻ വകഭേദവുമുണ്ടെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കാഹെർ കാസിം അറിയിച്ചു. ഷെവർലെ ബ്രാൻഡിൽ ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറാണു ‘ക്രൂസ്’; ഇതുവരെ 35 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണു കാർ കൈവരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ടർബോ ചാർജ്ഡ്, രണ്ടു ലീറ്റർ വി സി ഡി ഐ ഡീസൽ എൻജിനോടെ എത്തുന്ന കാറിൽ ട്രാൻസ്മിഷൻ സാധ്യതകളായി ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണു ജി എം ഐ ലഭ്യമാക്കുന്നത്. പരമവധി 164 ബി എച്ച് പി കരുത്തും 380 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘ക്രൂസി’നു ലീറ്ററിന് 14.81 കിലോമീറ്ററും മാനുവൽ ഗീയർബോക്സുള്ള മോഡലിന് ലീറ്ററിന് 17.90 കിലോമീറ്ററുമാണു ജി എം വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

മുൻഭാഗം പൊളിച്ചെഴുതിയ പുത്തൻ ‘ക്രൂസി’ൽ എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, ക്രോം ഹൊറിസോണ്ടൽ സ്ലാറ്റ്, പ്രൊജക്ടർ ഫോഗ് ലാംപ് എന്നിവയൊക്കെ ജി എം ലഭ്യമാക്കുന്നു. ‘മൈ ലിങ്ക്’ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിയർ വിഷൻ കാമറ, ഓഡിയോ നിയന്ത്രണ സംവിധാനമടക്കമുള്ള മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ തുടങ്ങിയവയാണു അകത്തളത്തിലെ പ്രധാന പുതുമകൾ. ഇന്റർനെറ്റ് റേഡിയോ, ഗ്രേസ് നോട്ട്, സിരി ഐസ് ഫ്രീ കൊംപാറ്റിബിലിറ്റി, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിങ്, ശബ്ദം തിരിച്ചറിയുന്ന ഫോൺ ടെലിഫോണി എന്നിവയാണ് ഏഴിഞ്ച് ടച്ച് സ്ക്രീൻ ആധാരമാക്കുന്ന മൈലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സവിശേഷത.

സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർ ബാഗും പാർശ്വത്തിൽ രണ്ട് എയർബാഗുമായാണു പുത്തൻ ‘ക്രൂസി’ന്റെ വരവ്. ഇലക്ട്രോണിക് സെൻസർ സഹിതം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം(എ ബി എസ്), ആന്റി തെഫ്റ്റ് അലാം, ഇമ്മൊബലൈസർ, പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോ ഡോർ ലോക്കിങ് സംവിധാനം തുടങ്ങിയവയും കാറിലുണ്ട്.

വിവിധ വകഭേദങ്ങളുടെ ഡൽഹി ഷോറൂം വില (ലക്ഷം രൂപയിൽ): ∙ ‘ഷെവർലെ ക്രൂസ് എൽ ടി’ (എം ടി): 14.68, ∙ ‘ഷെവർലെ ക്രൂസ് എൽ ടി സെഡ്’ (എം ടി): 16.75, ∙ ‘ഷെവർലെ ക്രൂസ് എൽ ടി സെഡ്’ (എ ടി): 17.81.