ഷെവർലെ ട്രെയ്ൽബ്ലെയ്‌സർ കേരളത്തിൽ

ജനറൽ മോട്ടോഴ്‌സിന്റെ എസ്‌യുവി ഷെവർലെ ട്രെയ്ൽബ്ലെയ്‌സർ കേരളത്തിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപിയാണ് വാഹനത്തിന്റെ അനാവരണം നിർവഹിച്ചത്. ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഏറ്റവും വലുതും കരുത്തേറിയതുമെന്ന വിശേഷണത്തോടെയാണ് ഷെവർലെ ട്രെയ്ൽബ്ലെയ്‌സറിനെ പുറത്തിറക്കിയത്.

ഷെവർലെ ട്രെയ്ൽബ്ലെയ്സർ എസ്‌യുവി കൊച്ചി നെട്ടൂർ ജീയെം മോട്ടോഴ്സ് ഷോറൂമിൽ നടൻ സുരേഷ് ഗോപി അനാവരണം ചെയ്തപ്പോൾ. ജീയെം ഡയറക്ടർമാരായ നയീം ഷാഹുൽ, അത്തിഫ് മൂപ്പൻ, ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ മുഹമ്മദ് ഫർസാദ് എന്നിവർ സമീപം

2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡ്യൂറാമാക്‌സ് ഡീസല്‍ എന്‍ജിനാണ് ട്രെയില്‍ബ്ലേസറിന്. 3600 ആര്‍.പി.എമ്മില്‍ 200 പി.എസ് പരമാവധി കരുത്തും 2000 ആര്‍.പി.എമ്മില്‍ 500 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ആറുസ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 2,845 എംഎം വീല്‍ ബേസും, 253 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ളതാണ് ഈ 7 സീറ്റർ എസ് യുവിക്ക്.

ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ , റിയര്‍ വ്യൂ ക്യാമറ, ഷെവര്‍ലെ മൈലിങ്ക് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ , ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്ക്‌സ് , കോര്‍ണറിങ്ങ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് , ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ , ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം , പാനിക് ബ്രേക്ക് അസിസ്റ്റ് , ഹൈഡ്രോലിക് ബ്രേക്ക് അസിസ്റ്റ് എന്നിവ ട്രെയ്ൽബ്ലെയ്സറിന്റെ പ്രത്യേകതകളാണ്. ബുക്കിങ് അനുസരിച്ച് തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഏറ്റവും ഉയർന്ന മോഡലിന് ഷോറൂം വില 26,96,466/- രൂപ.