ജി എം ഗുജറാത്ത് ശാല ഏറ്റെടുക്കാൻ ചൈനയിലെ എസ് എ ഐ സി

ഇന്ത്യയിൽ കാർ നിർമാണം ആരംഭിക്കാൻ ചൈനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ എസ് എ ഐ സി മോട്ടോർ കോർപറേഷൻ നടപടി തുടങ്ങി. യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)നു ഗുജറാത്തിലെ ഹാലോലിലുള്ള പ്ലാന്റ് ഏറ്റെടുക്കാനാണ് എസ് എ ഐ സിയുടെ നീക്കം. ചൈനയിൽ ജി എമ്മിന്റെ പങ്കാളിയായ എസ് എ ഐ സിക്ക് ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യിൽ ചെറിയ ഓഹരി പങ്കാളിത്തവുമുണ്ട്. മഹാരാഷ്ട്രയിലെ തലേഗാവിലുള്ള നിർമാണശാലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജൂലൈയോടെ ഹാലോലിൽ നിന്നു പിൻവാങ്ങാനാണു ജി എം ഐയുടെ തീരുമാനം. ഈ പശ്ചാത്തലത്തിലാണു ഗുജറാത്ത് ശാല ഏറ്റെടുക്കുന്നതു സംബന്ധിച്ച് എസ് എ ഐ സി വിലനിർണയമടക്കമുള്ള നടപടികൾക്കു തുടക്കമിട്ടത്. ജി എമ്മിനു പുറമെ ചൈന വിപണിയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെയും പങ്കാളിയാണ് എസ് എ ഐ സി. ഹാലോൽ ശാല ഏറ്റെടുക്കാനുള്ള ശ്രമം വിജയിച്ചാൽ ഇന്ത്യയിൽ വാഹന നിർമാണം തുടങ്ങുന്ന ആദ്യ ചൈനീസ് കമ്പനിയായി എസ് എ ഐ സി മാറും.

നിലവിൽ ഹാലോൽ ശാലയിൽ നിന്നു പുറത്തിറങ്ങുന്ന വാഹന മോഡലുകൾ ജി എമ്മിനായി കരാർ അടിസ്ഥാനത്തിൽ നിർമിച്ചു നൽകിക്കൊണ്ടാവും എസ് എ ഐ സിയുടെ ഇന്ത്യൻ അരങ്ങേറ്റം. സെഡാനായ ‘ക്രൂസ്’ വിവിധോദ്ദേശ്യ വാഹനങ്ങളായ ‘ടവേര’, ‘എൻജോയ്’ എന്നിവയാണു ജി എം ഐ നിലവിൽ ഗുജറാത്തിൽ നിർമിക്കുന്നത്. അതേസമയം ഹാലോൽ ശാല എസ് എ ഐ സി ഏറ്റെടുക്കുമെന്ന വാർത്തകളോടു പ്രതികരിക്കാൻ ജി എം ഇന്ത്യ തയാറായിട്ടില്ല. യു എസിൽ 2010 കാലത്തു ജി എം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിൽ ജി എം ഇന്ത്യയെ രക്ഷിച്ചത് എസ് എ ഐ സിയുടെ ഇടപെടലായിരുന്നു. പോരെങ്കിൽ ജി എം ഇന്ത്യയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനുമായിട്ടില്ല.

ഹാലോൽ ശാല ഏറ്റെടുക്കുന്ന പിന്നാലെ ജി എം ഇന്ത്യയിലെ ഓഹരി പങ്കാളിത്തം എസ് എ ഐ സി വിറ്റൊഴിയുമെന്നാണു സൂചന. ജി എം ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ നിർമാണശാലയായ ഹാലോലിലെ വാർഷിക ഉൽപ്പാദനശേഷി 1.10 ലക്ഷം യൂണിറ്റാണ്. 1,100 ജീവനക്കാരാണു ശാലയിലുള്ളത്; ഇതിൽ ഭൂരിഭാഗത്തെയും പുതിയ ഉടമകൾ നിലനിർത്തുമെന്നാണു പ്രതീക്ഷ. പ്ലാന്റ് കൈമാറ്റം സംബന്ധിച്ച ചർച്ചകളിൽ ഇരുപക്ഷവും ഗുജറാത്ത് സർക്കാരിന്റെയും സജീവ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഹാലോൽ ശാല സ്ഥാപിക്കുമ്പോൾ കമ്പനിക്കു സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്ന ഇളവുകളും ആനുകൂല്യങ്ങളും പുതിയ ഉടമകൾക്കും ഉറപ്പാക്കാനാണു ജി എമ്മിന്റെ ശ്രമം.