അൽ ദഫ്‌റയിലെ കാറുകള്‍

പഴയ ക്ലാസിക് കാറുകളുടെ പ്രൗഢിയിൽ തിളങ്ങി അൽ ദഫ്‌റ ഫെസ്‌റ്റിവൽ. ആധുനിക കാറുകളെ വെല്ലുന്ന പ്രൗഢിയും മനോഹാരിതയുമായാണ് മദീനാ സായിദിലെ അൽ ദഫ്‌റ ഫെസ്‌റ്റിവൽ നഗരിയിലെ മൽസര വേദിയിൽ പഴയ കാറുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫെസ്‌റ്റിവലിൽ ആദ്യമായാണ് ക്ലാസിക് കാറുകളുടെ മൽസരവും പ്രദർശനവും സംഘടിപ്പിക്കുന്നത്. യുഎഇയുടെ 44-ാം വാർഷികാഘോഷ സ്‌മരണയിൽ 44 ക്ലാസിക് കാറുകളെ പങ്കെടുപ്പിച്ചാണു മൽസരമെന്ന് അബുദാബി ക്ലാസിക് കാർ ക്ലബ് ജനറൽ മാനേജർ റാഷിദ് അൽ തമീമി പറഞ്ഞു.

അൽ ദഫ്‌റ ഫെസ്‌റ്റിവൽ നഗരിയിലെ പൈതൃക മാർക്കറ്റിനു സമീപം 19–നാണ് ക്ലാസിക് കാറുകളുടെ പവിലിയൻ തുറന്നത്. 1920ൽ നിർമിച്ച കാറുകളുടെ വരെ സമ്പൂർണ വിവരങ്ങൾ സമീപത്തെ സ്‌റ്റാൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്നതു സന്ദർശകർക്കു സൗകര്യമാണ്. ചില കാറുകളിൽ സീറ്റും ചക്രത്തിന്റെ റിമ്മും വരെ തടി കൊണ്ടാണ്. 1960ൽ ഷെയ്‌ഖ് സായിദ് മരുഭൂ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന ട്രക്കുകളും പ്രദർശനത്തിലുണ്ട്. യുഎഇയിൽ ആദ്യമായി കാറെത്തിയത് 1924ൽ ഷാർജയിലാണ്. പത്തു വർഷം കഴിഞ്ഞ് 1934ൽ അബുദാബിയിൽ എത്തിയ ആദ്യ ഫോഡ് കാറും പ്രദർശനത്തിലുണ്ട്.

ചില കാറുകൾ രാജ കുടുംബാംഗങ്ങളിൽ നിന്നാണു ശേഖരിച്ചതെന്നും അൽ തമീമി ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികൾ തീർത്തു തനിമയോടെ നിലനിർത്തുക എന്നതാണു പഴയ കാറുകളുടെ കാര്യത്തിലെ പ്രധാന വെല്ലുവിളി. സ്‌പെയർപാർട്‌സ് ലഭിക്കാനുള്ള ബുദ്ധിമുട്ടും അറ്റകുറ്റപ്പണി നടത്താൻ കഴിയുന്ന വിദഗ്‌ധരുടെ അഭാവവും പ്രശ്നമാണ്. അബുദാബി ക്ലാസിക് കാർ ക്ലബ് 2007–ലാണ് ആരംഭിച്ചത്. അൽഐൻ ക്ലാസിക് കാർ മ്യൂസിയം ഉൾപ്പെടെ പല സ്‌ഥാപനങ്ങളും ക്ലബിൽ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 126 അംഗങ്ങളുള്ള ക്ലബ്ബിൽ 240 ക്ലാസിക് കാറുകളാണുള്ളത്.

മൊത്തം 12 വിഭാഗങ്ങളിലാണ് ക്ലാസിക് കാർ മൽസരം. 10,000 ദിർഹം, 7500 ദിർഹം, 5000 ദിർഹം, 2000 ദിർഹം എന്നിങ്ങനെയാണ് ഒന്നു മുതൽ നാലുവരെ സ്‌ഥാനക്കാർക്കുള്ള സമ്മാനം. മികച്ച ആഡംബര ക്ലാസിക് കാർ, വലിയ ക്ലാസിക് കാർ, ചെറിയ ക്ലാസിക് കാർ, മനോഹരമായ ക്ലാസിക് ഫോർവീൽ കാർ, മികച്ച ക്ലാസിക് ലിമൊസിൻ, മികച്ച സലൂൺ ക്ലാസിക് കാർ, മികച്ച സ്‌പോർട്‌സ് കാർ, മികച്ച ട്രക്ക്, മികവുറ്റ ഹെറിറ്റേജ് കാർ എന്നീ ഇനങ്ങളിലാണു മൽസരങ്ങൾ. അൽ ദഫ്‌റ ഫെസ്‌റ്റിവൽ സമാപിക്കുന്ന ബുധനാഴ്ച വരെ ക്ലാസിക് കാർ പ്രദർശനവും ഉണ്ടാകും.